ഏറെ പ്രതീക്ഷകളോടെ തീയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’.ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല എന്ന പേരിൽ വ്യാപക അക്രമങ്ങൾ നേരിടുകയാണ്. അമിതമായ പരസ്യമാണ് ചിത്രത്തെ കാര്യമായി ബാധിച്ചത്.
എന്നാൽ അമിത പ്രതീക്ഷകൾ ഇല്ലാതെ സമീപിച്ചാൽ നല്ല ഒരു ചിത്രമാണ് ഒടിയൻ എന്നത് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ ആദ്യ ദിനങ്ങളിലെ വെല്ലുവിളികൾക്ക് ശമനം വന്നിട്ടുണ്ട്. കുടുംബ പ്രേക്ഷകർ കൂടി ചിത്രം ഏറ്റെടുത്തതോടെ തീയേറ്ററുകളിൽ ഒടിയന് വീണ്ടും തിരക്ക് കൂടിയിരിക്കുകയാണ്.
റിലീസ് ചെയ്ത ദിവസങ്ങളിൽ സമാനമായ വെല്ലുവിളികൾ നേരിടേണ്ടി വന്ന ചിത്രമാണ് പാദമുദ്ര എന്ന് സംവിധായകൻ ആർ.സുകുമാരൻ.
‘നല്ല സിനിമകളെ കൂട്ടം ചേർന്ന് ആക്രമിക്കുന്ന പ്രവണത മുൻപും ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മോഹൻലാൽ ചിത്രങ്ങൾക്ക്. ഒരു മഹാനടനെ ആരോപണങ്ങൾ കൊണ്ട് തളച്ചിടാൻ സാധിക്കില്ല’ - ആർ.സുകുമാരൻ വ്യക്തമാക്കി.
പാദമുദ്ര വ്യാപക അക്രമങ്ങൾക്ക് ഇരയായപ്പോൾ മാധവിക്കുട്ടിയുടെ വാക്കുകളാണ് സിനിമയെ രക്ഷിച്ചത്. ‘ഓസ്കർ വരെ ലഭിക്കേണ്ട അഭിനയത്തികവുള്ള സിനിമയാണ് പാദമുദ്ര’ എന്ന വാക്കുകളായിരുന്നു സിനിമയ്ക്ക് മേലുള്ള ആക്രമണം അയവ് വരുത്തിയത് അദ്ദേഹം പറഞ്ഞു.
മാതുപണ്ടാരത്തെയും, കുട്ടപ്പനെയും മലയാളം മറക്കില്ല. മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ പാദമുദ്രയിലെ രണ്ട് കഥാപാത്രങ്ങളും ഉണ്ടാവും.
മോഹൻലാലിന് പാദമുദ്രയിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്തിരുന്നു. ”അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാര മൂർത്തി” എന്ന ഗാനവും പാദമുദ്രയിലേതാണ്.
‘മോഹൻലാലിന്റെ അഭിനയത്തിന്റെ വിവിധ മേഖലകൾ കണ്ട സിനിമയാണ് ഒടിയൻ. ഫ്രെയിമുകളെല്ലാം സൂക്ഷമ ഭാവങ്ങൾ കൊണ്ട് സമ്പന്നമാണ് ഒടിയൻ. ലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരുടെ അഭിനയത്തെയും കണ്ടില്ലെന്ന് നടിക്കാനാവില്ല.
സാങ്കേതിക മികവിനൊപ്പം ഒരു ക്ലാസിക്കൽ ടച്ചും സിനിമയ്ക്കുണ്ട്. ദൃശ്യവിസ്മയവും ഗാനങ്ങളുടെ സംഗീത സംസ്കാരവും ഒന്നിച്ചിണങ്ങിയ മറ്റൊരു സിനിമ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സംവിധായകൻ ശ്രീകുമാർ മേനോൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു.’ ആർ.സുകുമാർ പറഞ്ഞു. ഒടിയൻ കണ്ടതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോഹന്‍ലാല്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച രാജശില്‍പിയും ആര്‍ സുകുമാരന്‍ ആയിരുന്നു സംവിധാനം ചെയ്തത്.