മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി.
സംവിധായകന്റെ പരിചയക്കുറവില്‍ വന്‍ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നും വേണു കുന്നപ്പിള്ളി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പരിചയക്കുറവും ഗുണമേന്മ ഇല്ലായ്മയും മൂലം പത്ത് കോടിയോളം രൂപയുടെ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സംവിധായകന്‍ സജീവ് പിള്ളയെ പുറത്താക്കിയതെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു.
ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുള്ളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നെന്നും വേണു കുന്നപ്പള്ളി പറഞ്ഞു.
37 ദിവസം സജീവ് പിള്ളക്ക് കീഴില്‍ ചിത്രീകരിച്ച ഫൂട്ടേജുകളില്‍ 20 മിനിറ്റ് മാത്രമാണ് ഉപയോഗയോഗ്യമായുള്ളത്. ഏകദേശം പത്ത് കോടിയോളം രൂപ ഇത് മൂലം നഷ്ടമായി.
സ്‌ക്രിപ്റ്റിന്റെയും സംവിധാനത്തിന്റെയും പ്രതിഫലം ചേര്‍ത്ത് 21.75 ലക്ഷം കൈപ്പറ്റിയ ശേഷം സജീവ് പിള്ള നുണകളും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണെന്നും വേണു കൂട്ടിച്ചേര്‍ത്തു.
മാമാങ്കം സിനിമയുടെ പേരില്‍ സജീവ് എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകള്‍ നടത്തിയാല്‍ അതിനു കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ലെന്നും മലയാളത്തിലെ ഏറ്റവും പരിയസമ്പന്നരായ സംവിധായകരിലൊരാളായ എം.പദ്മകുമാര്‍ മാമാങ്കം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഷൂട്ടിന്റെ ഇടയില്‍ തന്നെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കിടയിലും അഭിനേതാക്കള്‍ക്കിടയിലും സംവിധായകന്റെ പരിചയക്കുറവ് ചര്‍ച്ചയായിരുന്നു. ഏതാണ്ട് നാല് സിനിമയ്ക്കുള്ള ഫുട്ടേജ് ആണ് വളരെ ചെറിയ ഷെഡ്യൂളില്‍ ആത്മ വിശ്വാസക്കുറവ് കാരണം ഈ സംവിധായകന്‍ എടുത്ത് കൂട്ടിയത്.
ഇതിനെ തുടര്‍ന്ന് സംവിധായകന്‍ തന്റെ കുറവുകള്‍ ഏറ്റുപറയുകയും പരിചയസമ്പത്തുള്ള രണ്ട് അസോസിയേറ്റ് ഡയറക്ടര്‍മാരെ ആവശ്യപ്പെടുകയും ചെയ്തു. തെറ്റ് തിരുത്തി മുന്നോട്ടു പോകാമെന്നുള്ള സജീവിന്റെ ഉറപ്പിലാണ് ആവശ്യപ്പെട്ട പരിചയ സമ്പന്നരായ രണ്ട് അസോസിയേറ്റ്‌സിനെ ഉള്‍പ്പെടുത്തി രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ആരംഭിച്ചത്.
എന്നാല്‍ ആദ്യ ഷെഡ്യൂള്‍ പോലെ തന്നെ സിനിമയില്‍ ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കാത്ത സീനുകള്‍ ആണ് രണ്ടാം ഷെഡ്യൂളിസും എന്ന് ബോധ്യപ്പെട്ടതിനാല്‍ ഇരുപത്തിയേഴാം ദിവസം ഷൂട്ടിങ് നിര്‍ത്തിവെച്ചു. മുതിര്‍ന്ന അഭിനേതാവിന്റെ നിര്‍ദേശങ്ങള്‍ പോലും സജീവ് ചെവിക്കൊണ്ടില്ല’- വേണു പറയുന്നു.
യുവനടന്‍ ധ്രുവനെ ചിത്രത്തില്‍ നിന്ന് പുറത്താക്കാനുള്ള കാരണവും നിര്‍മ്മാതാവ് വ്യക്തമാക്കി. സജീവ് പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം ഷൂട്ട് നീണ്ടുപോയി. ഇതിനിടെ പുതിയ ചിത്രം ചെയ്യണമെന്നും 2019 മാര്‍ച്ച് 31നകം പ്രൊജക്ടില്‍ നിന്നും തന്നെ വിടണമെന്നും ധ്രുവ് ആവശ്യപ്പെട്ടു.
അത് ഒട്ടും പ്രായോഗികമായിരുന്നില്ല. ഏപ്രില്‍-മെയ് മാസങ്ങള്‍ കഴിയാതെ ചിത്രീകരണം അവസാനിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇതാണ് ധ്രുവിനെ ടെര്‍മിനേറ്റ് ചെയ്യാന്‍ കാരണമായതെന്നും മാമാങ്കം നിര്‍മ്മാതാവ് വ്യക്തമാക്കി.
ചിത്രത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംവിധായകന്‍ പരാതി നല്‍കിയിരുന്നു. വിതുരയിലെ തന്റെ താമസ സ്ഥലത്ത് ആളുകള്‍ തന്നെ തേടിയെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതമായിരുന്നു സജീവിന്റെ പരാതി. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി എത്തിയതും.