മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഇക്കഴിഞ്ഞ ഡിസംബർ 2 ന് ആണ് റിലീസ് ചെയ്തത്. ഈ പ്രിയദർശൻ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമർശനവും ട്രോളുകളുമാണ് ഉയർന്നത്.
പ്രതിക്ഷക്കൊത്ത് ചിത്രം ഉയർന്നില്ല എന്നായിരുന്നു പ്രധാന പരാതി. അതേ സമയം ചിത്രത്തെ ഒരു സംഘം ആളുകൾ മനപൂർവ്വം ഡീഗ്രേഡ് ചെയ്യുന്നത് ആണെന്നും ആരോപണം ഉയർന്നിരുന്നു. മരയ്ക്കാറിന് എതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ സാക്ഷാൽ മോഹൻലാൽ തന്നെ രംഗത്ത് വന്നിരുന്നു.
രണ്ടാഴ്ചക്കു ശേഷം ആമസോൺ പ്രൈം റിലീസ് ആയി ഒറ്റിറ്റിയിലും എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനങ്ങളിൽ നേടിയത്. എന്നാൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ പിടിച്ചു കയറിയ ഈ ചിത്രം ആഗോള കളക്ഷൻ അമ്പതു കോടിയോളം നേടിയും ശ്രദ്ധ നേടി. മലയാള സിനിമയിലെ ഒരുപാട് പേർ ഈ ചിത്രം കാണുകയും അതിനെ പ്രശംസിച്ചു മുന്നോട്ടു വരികയും ചെയ്തിരുന്നു.
ഇപ്പോഴിതാ, മരക്കാർ ഒരു മോശം സിനിമയാണെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. സിനിമ പ്രേക്ഷകർക്ക് മോശമായി തോന്നിയിട്ടുണ്ടെങ്കിൽ അത് താൻ സമ്മതിക്കുന്നുവെന്നും പലയാവർത്തി റിലീസ് ഡേറ്റ് മാറ്റിവെച്ചത് സിനിമയുടെ ആസ്വാദനത്തെ ബാധിച്ചെന്നും അദ്ദേഹം പറയുകയാണ്.
ഒരോ സിനിമയുടെയും സംവിധായകന്റെയും പുറത്ത് പ്രേക്ഷകർ നൽകുന്ന പ്രതീക്ഷ വലിയ പ്രശ്നമാണെന്നും അദ്ദേഹം കൊറോണ പേപ്പേഴ്സ് എന്ന പുതിയ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കവെ കൂട്ടിച്ചേർത്തു.
മരക്കാർ, എല്ലാംകൊണ്ടും നിർഭാഗ്യം പിടിച്ച സിനിമയായിരുന്നു എന്നും പ്രിയദർശൻ പ്രതികരിച്ചു. മൂന്നോ നാലോ പ്രാവശ്യം ആ സിനിമയുടെ റിലീസ് അനൗൺസ് ചെയ്തു. അന്ന് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. പിന്നെയും സിനിമയുടെ പോസ്റ്റർ വരെ ഒട്ടിച്ചിട്ടും വീണ്ടും പെട്ടിയിലിരുന്നു. പിന്നീട് ഈ സിനിമ ഒ.ടി.ടിയിൽ പോകണോ തിയേറ്ററിൽ പോകണോ എന്ന സംശയം വരെ വന്നെന്നും പ്രിയദർശൻ വെളിപ്പെടുത്തുന്നു.
മരക്കാർ എന്ന സിനിമ മോശമാണോ നല്ലതാണോ എന്ന കാര്യം വിടാം. പ്രേക്ഷകർക്ക് മോശമായി തോന്നിയെങ്കിൽ മോശമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്റെ ഒരുപാട് സിനിമകൾ അങ്ങനെ മോശമായിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ സിനിമ കാണാനുള്ള എക്സൈറ്റ്മെന്റ് പ്രേക്ഷകർക്ക് നഷ്ടപ്പെട്ടിരുന്നു. എക്സൈറ്റ്മെന്റ് നഷ്ടപ്പെട്ടതോടൊപ്പം സിനിമ മോശമാവുകയും ചെയ്‌തെന്നുമാണ് സംവിധായകൻ പറഞ്ഞത്.
സിനിമ നന്നായിരുന്നെങ്കിൽ കുറേക്കൂടി രക്ഷപ്പെടുമായിരുന്നു. ഇങ്ങനെയൊക്കെ വന്നതുകൊണ്ടാണ് മരക്കാറിന് അങ്ങനെ പറ്റിപ്പോയതെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരണം. ഞങ്ങളെല്ലാവരും ചേർന്ന് നല്ലൊരു സിനിമയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന വിശ്വാസം എനിക്കുണ്ട്. ആ വിശ്വാസത്തിൽ തന്നെയാണ് ഞങ്ങളെല്ലാം ഇവിടെയിരിക്കുന്നത് തന്നെ എന്നാണ് പുതിയ ചിത്രമായ കൊറോണ പേപ്പേഴ്‌സിനെ കുറിച്ച് പ്രിയദർശൻ പ്രതികരിച്ചത്.
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, സിദ്ദീഖ് തുടങ്ങിയവരാണ് കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ ഏഴിന് ചിത്രം റിലീസാകും.ഓ