ആര്‍എസ്എസ്സിന്റെ ചരിത്രത്തെ ആസ്പദമാക്കി സിനിമ ചെയ്യുമെന്ന പ്രചാരണത്തിന് മറുപടിയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. ആര്‍എസ്എസ്സിന്റെ ചരിത്രത്തെ ആസ്പദമാക്കി സിനിമ ചെയ്യില്ലെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അക്ഷയ് കുമാറിനെ നായകനാക്കി ചിത്രം എടുക്കുന്നുണ്ടെന്നും എന്നാല്‍ അതിന് ആര്‍എസ്എസ് ചരിത്രവുമായി ബന്ധമില്ലെന്നും ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘എന്റെ അറിവില്‍ അങ്ങനെയൊരു സിനിമ ഇല്ല. ഞാന്‍ അങ്ങനെയൊരു സിനിമ ചെയ്യുന്നില്ല. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്ക് അവരുടേതായ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചോദിച്ചാല്‍ എന്റെ ജീവിതവും സിനിമയും കുടുംബവുമെല്ലാം തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. ഞാനേത് സിനിമ ചെയ്യുന്നു, അത് ചെയ്യുന്നില്ല തുടങ്ങി ഞാന്‍ പോലും അറിയാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ അറിയുന്നത്.
എനിക്കൊരു രാഷ്ട്രീയമുണ്ട്. പക്ഷെ ഞാനൊരു സജീവ രാഷ്ട്രീയക്കാരനല്ല, ഭാവിയിലൊട്ട് ആകാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ അക്ഷയ് കുമാറിനെവെച്ചൊരു സിനിമ ഉദ്ദ്യേശിക്കുന്നുണ്ട്. അത് ചിലപ്പോള്‍ അടുത്ത വര്‍ഷം നടന്നേക്കും. പക്ഷെ, അതിന് ആര്‍.എസ്.എസ് ചരിത്രവുമായി ബന്ധമൊന്നുമില്ല. ഞാന്‍ ബോളിവുഡില്‍ ചെയ്തിട്ടുള്ളതെല്ലാം കച്ചവട സിനിമകളാണ്. ആര്‍എസ്എസ് ചരിത്രം പറയുന്നൊരു സിനിമ ചെയ്യേണ്ട കാര്യമെനിക്കില്ല’ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രിയദര്‍ശന്‍ ആര്‍എസ്എസ് ചരിത്രത്തെ സിനിമയാക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ ട്രോളുകളും ശക്തമായതോടെയാണ് പ്രിയദര്‍ശന്‍ വിശദീകരണം നല്‍കിയത്.