ലാലേട്ടനെ കൊണ്ട് പലപ്പോഴും പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിപ്പിച്ചിട്ടുണ്ട്; പൃഥ്വിരാജ്

17

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മലയാള സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹല്‍ലാലിനെ വെച്ച് ഒരു ചിത്രം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് പൃഥ്വി.

താന്‍ മോഹന്‍ലാലുമായിട്ടൊക്കെ ഏറ്റവും അടുക്കുന്നത് ലൂസിഫറിലൂടെയാണെന്നാണ് പൃഥ്വി പറയുന്നത്. ഒരുപാട് ടേക്കുകള്‍ പോയിട്ടും അപ്പോഴൊന്നും പരിഭവമില്ലാതെ മോഹന്‍ലാല്‍ തന്നോട് സഹകരിച്ചെന്നും പൃഥ്വി പറയുന്നു.

Advertisements

‘ലാലേട്ടനൊപ്പം ജോലി ചെയ്യുന്നത് തന്നെ ഒരു ആഹ്‌ളാദമാണ്. പലപ്പോഴും ലാലേട്ടനെക്കൊണ്ട് ഒരുപാട് ടേക്കൊക്കെ ചെയ്യിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ലാലേട്ടന്റെ കുഴപ്പംകൊണ്ടല്ല. ചിലപ്പോള്‍ ഒരു സങ്കീര്‍ണമായ ക്യാമറ മൂവ്മെന്റ് ആയിരിക്കും, അപ്പോള്‍ ഫോക്കസ് കിട്ടിയില്ലെന്ന് വരാം. വലിയ ആള്‍ക്കൂട്ടമുള്ള സീനാണെങ്കില്‍ പിന്നിലുള്ളവരുടെ ആക്ടിവിറ്റി ശരിയായിട്ടുണ്ടാവില്ല.

അപ്പോഴൊക്കെ പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഒരു അസ്വസ്ഥതയും പ്രകടിപ്പിച്ചിട്ടില്ല. ‘പിന്നെന്താ മോനേ, നമുക്ക് ഒന്നുകൂടി എടുക്കാം’ എന്നായിരിക്കും അദ്ദേഹം പറയുക, ഒരു ഇതിഹാസം ആണെന്ന് ഓര്‍ക്കണം. അത്രമാത്രം സിനിമയോടൊപ്പം നില്‍ക്കുന്ന നടനാണ് അദ്ദേഹം.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് അവസാനം തിയേറ്ററുകളിലെത്തും

Advertisement