ഞാന്‍ അത്തരക്കാരന്‍ അല്ലെന്ന് പറഞ്ഞു മടുത്തു, ഇനിയും അങ്ങനെ കരുതാനാണ് ഇഷ്ടമെങ്കില്‍ ആയിക്കോട്ടെ; തുറന്നടിച്ച്‌ പൃഥ്വിരാജ്

35

പറയാനുള്ളത് ആരുടെ മുന്നിലായാലും തുറന്നു പറയുന്നതുകൊണ്ടാകാം മലയാള സിനിമയിലെ ധിക്കാരിയായിട്ടാണ് പൃഥ്വിരാജിനെ ഒരു വിഭാഗം കാണുന്നത്. സിനിമയില്‍ വന്നതു മുതല്‍ താരത്തിന് ഇത് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ തന്നെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് അറിയില്ലെന്നാണ് താരം പറയുന്നത്. അഹങ്കാരിയല്ലെന്ന് പറഞ്ഞു മടുത്തെന്നും ഇനിയും അങ്ങനെ കരുതുന്നവര്‍ അങ്ങനെതന്നെ വിചാരിക്കട്ടേ എന്നും താരം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്.

Advertisements

‘അങ്ങനെ പറയുന്നത് ചിലപ്പോള്‍ എന്റെ ആകാരം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ സംസാരം കൊണ്ടാകാം. ഞാന്‍ അത്തരക്കാരന്‍ അല്ലെന്ന് പറഞ്ഞു മടുത്തു. ഇനിയും ആളുകള്‍ക്ക് അങ്ങനെ കരുതാനാണ് ഇഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. അതെല്ലാം ഞാന്‍ ചെറുതായി ആസ്വദിക്കുന്നു.’

തനിക്ക് സിനിമയില്‍ അധികം സുഹൃത്തുക്കള്‍ ഇല്ലെന്നും ഷൂട്ടിങ് കഴിഞ്ഞാല്‍ മറ്റുള്ളവരുടെ മുറിയില്‍ പോയിരുന്ന സംസാരിക്കാറില്ലെന്നുമാണ് താരം പറയുന്നത്. എന്നാല്‍ തന്റെ സഹോദരന്‍ ഇന്ദ്രജിത്തിന് വേഗത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ പറ്റുമെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് ധിക്കാരി എന്ന പേരില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് സിനിമയില്‍ അധികം സുഹൃത്തുക്കളില്ല. കാരണം എനിക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടടമാകണമെന്ന് ഇല്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ മറ്റുള്ളവരുടെ മുറിയില്‍ പോയിരുന്ന് സംസാരിക്കുന്ന പതിവ് എനിക്കില്ല. ഞാന്‍ അതിന് ശ്രമിച്ചിട്ടുണ്ട്. പക്ഷേ സാധിച്ചില്ല.

ഷൂട്ടിങ് കഴിഞ്ഞാല്‍ എന്റെ മുറിയില്‍ പോയിരുന്ന് എന്തെങ്കിലും വായിക്കും അല്ലെങ്കില്‍ ടി.വി കാണും. അങ്ങനെ ഒതുങ്ങി കഴിയുന്നത് കൊണ്ടായിരിക്കാം അഹങ്കാരി എന്ന് വിളിക്കുന്നത്’ പൃഥ്വിരാജ് പറഞ്ഞു.

താരം ആദ്യമായി സംവിധായകനാവുന്ന ചിത്രം ലൂസിഫര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

Advertisement