യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മലയാള സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് .
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയാണ് ഏവരെയും ആകാംക്ഷാഭരിതരാക്കുന്നത്.
അവസാനഘട്ട ഒരുക്കത്തിലിരിക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലേക്ക് എത്താന്‍ തയ്യാറെടുക്കുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന പലതവണ വ്യക്തമാക്കിയിട്ടുള്ള പൃഥ്വിരാജ് എന്നാല്‍ ആ ആരാധനയുടെ പുറത്തല്ല ലൂസിഫറില്‍ അദ്ദേഹത്തെ നായകനാക്കിയെന്ന് പറയുന്നു.
‘ഞാന്‍ ഒരു ലാലേട്ടന്‍ ആരാധകനായതു കൊണ്ടല്ല അദ്ദേഹത്തെ ചിത്രത്തില്‍ നായകനാക്കിയത്. ഈ തിരക്കഥയ്ക്കും കഥാപാത്രത്തിനും ഏറ്റവും അനുയോജ്യന്‍ ലാലേട്ടനാണ് എന്ന കണ്ടതുകൊണ്ടാണ്. ഷൂട്ടിംഗ് സമയത്ത് ലാലേട്ടന്‍ ‘മോനെ ഈ സീനില്‍ ഇങ്ങിനെ പറയുമ്പോള്‍ എന്താണ് ഞാന്‍ പറയേണ്ടത്, എങ്ങിനെയാണ് റിയാക്ട് ചെയ്യേണ്ടത്’ എന്നൊക്കെ ചോദിക്കും.
അദ്ദേഹത്തിനത് അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല, പക്ഷേ എന്റെ മനസ്സില്‍ എന്താണെന്നറിയാന്‍ വേണ്ടിയാണു ചോദിക്കുന്നത്. എന്റെ മനസ്സില്‍ എന്താണെന്ന് അറിഞ്ഞിട്ടു വേണം അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നിയതു കൂടി വെച്ചിട്ട് അഭിനയിക്കാന്‍.’ മനോരമയുമായുള്ള അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് അവസാനം തിയേറ്ററുകളിലെത്തും.