മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്നത് അദ്ദേഹത്തിന് കൊടുക്കുന്ന ആദരവാണ്: മമ്മൂട്ടി ചിത്രത്തെ കുറിച്ച് പൃഥ്വിരാജ്

28

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാം മേഖലകളിലേക്കും പടര്‍ന്നു പന്തലിക്കുന്നു.

സോണി പിക്‌ച്ചേഴ്‌സിനൊപ്പം ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന നയന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തി. ആദ്യ സംവിധാന സംരഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു.

Advertisements

മോഹന്‍ലാലിനെ നായനാക്കി പൃഥ്വി ഒരു സിനിമ ചെയ്തപ്പോള്‍ ഉയര്‍ന്ന ഒരു ചോദ്യമാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം എന്നുണ്ടാകുമെന്ന്. അതിനിപ്പോള്‍ പൃഥ്വിരാജ് തന്നെ ഒരു മറുപടി തന്നിരിക്കുകയാണ്.

‘ലോകത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മമ്മൂക്ക. അദ്ദേഹത്തെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ വലിയ സ്വപ്നമാണ്. മമ്മൂക്കയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അത് അദ്ദേഹത്തിന് നമ്മള്‍ കൊടുക്കുന്ന ഒരു ആദരമാണ്.

വെറുതെ ഒരു തിരക്കഥ എടുത്തുകൊണ്ടുപോയാല്‍ ഞാന്‍ മമ്മൂക്കയെ ഇന്‍സള്‍ട്ട് ചെയ്യുന്നതുപോലെ ആയിപ്പോകും. മമ്മൂക്കയെ അര്‍ഹിക്കുന്ന ഒരു തിരക്കഥ ലഭിച്ചാലേ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റൂ.

എനിക്ക് എന്നെവച്ച് ഒരു സിനിമ ചെയ്യുന്നതുപോലെ ഈസിയായി മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്യാന്‍ പറ്റില്ല. അര്‍ഹിക്കുന്ന ഒരു മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്’ പൃഥ്വി പറഞ്ഞു.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക.

വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക.

ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം മാര്‍ച്ച് അവസാനം തിയേറ്ററുകളിലെത്തും.

Advertisement