കാര്‍ത്തിക് സുബ്ബരാജ് സംവിധാനെ ചെയ്ത രജനി ചിത്രം പേട്ട മികച്ച പ്രതികരണങ്ങള്‍ നേടി വമ്പന്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്.
പഴയ രജനിയെ തങ്ങള്‍ക്ക് ഈ ചിത്രത്തിലൂടെ തിരിച്ചുകിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ റിലീസിന് എത്തിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ വിജയം പൃഥ്വിരാജും മണികണ്ഠന്‍ ആചാരിയും പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിച്ചു. എറണാകുളം സരിതാ തിയേറ്ററില്‍ വെച്ചായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്.
പേട്ടയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പൃഥ്വി പറഞ്ഞു. ‘ഈ സിനിമയുടെ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജിന്റെ വലിയ ഫാന്‍ ആണ് ഞാന്‍.
അതുപോലെ രജനി സാറിന്റെയും. നമ്മള്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന കാര്യമുണ്ട്. നമ്മുടെ സ്വന്തം മണികണ്ഠന്‍ ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.
എന്റെയൊക്കെ വലിയ ആഗ്രഹമാണ് രജനി സാറിനൊപ്പം അഭിനയിക്കണം എന്നത്. മണികണ്ഠന് ആ ഭാഗ്യം ലഭിച്ചതില്‍ ഞാനും അഭിമാനിക്കുന്നു’-പൃഥ്വി പറഞ്ഞു.
രജനി സാറിനെ അടുത്ത് കാണാന്‍ സാധിച്ചത് ഇപ്പോഴും സ്വപ്നമായി കാണുന്നുവെന്ന് മണികണ്ഠന്‍ പറഞ്ഞു. ആരാധിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് മഹാഭാഗ്യമാണെന്നും മണികണ്ഠന്‍ പറഞ്ഞു.
കാല, 2.0 എന്നീ രണ്ട് ചിത്രങ്ങളുടെ വിജയത്തിന് ശേഷം തിയേറ്ററിലെത്തുന്ന രജനി ചിത്രമാണ് പേട്ട. രജനിക്ക് വില്ലനായി ചിത്രത്തിലെത്തുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്.
സിമ്രാനും തൃഷയും ചിത്രത്തില്‍ നായികമാരായി എത്തുന്നു. നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.