നിരവധി ഹിറ്റു ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് ജ്യോത്സന രാധാകൃഷ്ണൻ. ഇപ്പോൾ മലയാളത്തിലെ യുവഗായകരുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പാട്ടുകാരി കൂടിയാണ് ജ്യോത്സന. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ മോഹൻ സിത്താര സംഗീതം കൊടുത്ത വളകിലുക്കം കേട്ടെടി എന്ന ഗാനം ആലപിച്ച് കൊണ്ടാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് ജ്യോത്സ്ന എത്തുന്നത്.
എന്നാൽ നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇടയിൽ ജ്യോത്സ്നയെ ഏറെ പ്രശസ്തയാക്കിയത്. ഇന്നും ഈ ഗാനം മലയാളി പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്റെ പ്രായത്തെ കുറിച്ച് പറയുന്ന ഗായികയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജ്യോൽസനയുടെ വാക്കുകൾ ഇങ്ങനെ:
ഈയിടെയായി, എന്റെ സ്റ്റോറികൾക്കും പോസ്റ്റുകൾക്കും ലഭിക്കുന്ന കമന്റുകളും മെസേജുകളും ഞാൻ ശ്രദ്ധിക്കാറുണ്ട്. മേക്കപ്പില്ലാതെ മുടി ശരിയാക്കാതെ കാണുമ്പോൾ ഞാൻ വ്യത്യസ്തയാണെന്നും പ്രായം തോന്നിക്കുന്നുവെന്നുമാണ് അവയിൽ പറയുന്നത്. 14 വയസിനു മുകളിൽ പ്രായമില്ലാത്തൊരു ആൺകുട്ടി പറഞ്ഞത് എനിക്ക് 30 ന് മുകളിൽ പ്രായമുണ്ടെന്നായിരുന്നു.
അഭിമാനത്തോടെ പറയട്ടെ എനിക്ക് 35 വയസുണ്ട്. ഇത് എന്റെ മാത്രം അനുഭവമല്ല. ഞാനിതിവിടെ പറയുമ്പോൾ അതേ അനുഭവമുള്ള ഒരുപാട് സ്ത്രീകളുണ്ടാകും എന്നുറപ്പാണ്. വർഷങ്ങളുടെ സ്ത്രീ വിരുദ്ധത കാരണം ഒരു കുട്ടിയ്ക്ക് ജന്മം നൽകുകയോ നരയ്ക്കാൻ തുടങ്ങുകയോ ചെയ്യുന്നതോടെ നമ്മൾ ആകർഷണീയത കുറഞ്ഞവരായി മാറും. എന്റെ പ്രിയപ്പെട്ട ആൺകുട്ടികളേ, പെൺകുട്ടികളെ, പ്രായമാകുന്നതൊരു സ്വാഭാവിക പ്രക്രിയയാണ്.
നമ്മളെല്ലാവർക്കും പ്രായമാകും പ്രായത്തോടൊപ്പം ജ്ഞാനവും വരുന്നു, അനുഭവം ലഭിക്കുന്നു, ഇതൊന്നും വിഷയമല്ലെന്ന തിരിച്ചറിവ് ലഭിക്കുന്നു. നിങ്ങളുടെ ഒരേയൊരു ലക്ഷ്യം നല്ല ആരോഗ്യവും സന്തോഷവും സമാധാനവുമാണ്. നിങ്ങൾ തന്നെ വയസായി എന്നു കരുതുന്ന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഓർക്കുക, ചുളിവുകളും തുങ്ങിയ സ്‌കിന്നും പുറം വേദനയുമല്ല നിങ്ങളെ നിങ്ങളാക്കുന്നത്.
ഈ വർഷങ്ങളിൽ നിങ്ങൾ എന്താണ് പഠിച്ചത് എന്നതാണ്. എങ്ങനെയാണ് പഠിച്ചതെന്നും അതുകൊണ്ട് എന്താണ് ചെയ്യാൻ പോകുന്നത് എന്നുമാണ്. സിംപിൾ, പ്രായം എന്നത് മനസിലാണ്. നിങ്ങളതിനെ ഗൗനിക്കുന്നില്ലെങ്കിൽ അതൊരു കാര്യമല്ല. സോ, ചിൽ സാറ ചിൽ എന്നായിരുന്നു ജ്യോൽസന പറഞ്ഞത്.