മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ മലയാളത്തിലെ കള്‍ട്ട് ക്ലാസിക് ആണ് . രഞ്ജിത് സംവിധാനം ചെയ്ത ഈ മമ്മൂട്ടിച്ചിത്രം മലയാളത്തിലെ ആക്ഷേപഹാസ്യ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം നിരയില്‍ ഇടംപിടിച്ചിരിക്കുന്നു.
തകര്‍പ്പന്‍ ഫാമിലി ആക്ഷന്‍ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്ഥാനം നേടിയ രഞ്ജിത് കുറിക്കുകൊള്ളുന്ന ഹാസ്യചിത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച സിനിമ കൂടിയായിരുന്നു പ്രാഞ്ചിയേട്ടന്‍. എന്തായാലും അതേ ലൈനില്‍ വീണ്ടും ഒരു സിനിമ ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍ രഞ്ജിത്.
പ്രാഞ്ചിയേട്ടന്‍ പോലെ തന്നെ ആക്ഷേപഹാസ്യവും ഏറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുമുള്ള ചിത്രമായിരിക്കും മോഹന്‍ലാല്‍ നായകനാകുന്ന ‘ഡ്രാമ’. ഒരു ഫീല്‍ ഗുഡ് സിനിമയായാണ് രഞ്ജിത് ഈ ചിത്രം അവതരിപ്പിക്കുന്നത്.
പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് റീമേക്ക് ചെയ്താല്‍ എങ്ങനെയുണ്ടാവുമോ അതേ അളവില്‍ ഹ്യൂമറുള്ള ചിത്രമായിരിക്കും ‘ഡ്രാമ’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. യുകെയില്‍ സ്ഥിരതാമസമാക്കിയ രാജു എന്നുവിളിക്കുന്ന രാജശേഖരന്‍റെയും ഭാര്യ രേഖയുടെയും കഥയാണ് ഡ്രാമ. മോഹന്‍ലാലും ആശാ ശരത്തുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അരുന്ധതി നാഗ്, സിദ്ദിക്ക്, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, രണ്‍ജി പണിക്കര്‍, കനിഹ, ജോണി ആന്‍റണി തുടങ്ങിയവര്‍ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലണ്ടനില്‍ ഉള്ള തന്റെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ എത്തുന്ന ഒരു വൃദ്ധ അവിടെ വെച്ച് മരിക്കുന്നതും അതിനെ തുടര്‍ന്ന് പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുടെ വളരെ രസകരമായ ആവിഷ്‌കാരവുമാണ് ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ട്. വളരെ ലിമിറ്റഡ് സ്പേസില്‍ നിന്ന് കഥ പറയുന്ന കോമഡി എന്റെര്‍റ്റൈനെര്‍ ആണിതെന്നു സൂചനയുണ്ട്.
അത്തരം ചിത്രങ്ങളില്‍ ഗംഭീര കോമഡി പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍.. മലയാളത്തില്‍ ആദ്യമായി പത്തുകോടി രൂപ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം ചന്ദ്രലേഖ ഇത്തരത്തില്‍ കഥ പറഞ്ഞ ഒരു ചിത്രമാണ്.