അരുൺ ഗോപി ചിത്രമായ പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഈ മാസം ഇരുപത്തിയഞ്ചാം തീയതി റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്.
അരുൺ ഗോപി തന്നെ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ടോമിച്ചൻ മുളകുപാടം ആണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സമ്മാനിച്ച പ്രണവ് നായകനാവുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.
ഇപ്പോഴിതാ ഈ ചിത്രത്തിലെ പ്രണവിന്റെ പുതിയ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. വിന്റേജ് മോഹൻലാൽ സ്റ്റൈലിൽ ആണ് പ്രണവ് ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പണ്ടത്തെ മോഹൻലാലിന്റെ സ്റ്റൈലിൽ ആണ് പ്രണവ് ഈ ചിത്രങ്ങളിൽ വന്നിരിക്കുന്നതെന്നാണ് ഏവരും ഒരേ പോലെ അഭിപ്രായപ്പെടുന്നത്.
ഏതായാലും കിടിലൻ ലുക്കിൽ തന്നെ പ്രണവ് പ്രത്യക്ഷപ്പെട്ടതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർദ്ധിച്ചു കഴിഞ്ഞു. ആദിയിലെ പോലെ തന്നെ ഇതിലും പ്രണവിന്റെ കിടിലൻ സ്റ്റണ്ട് രംഗങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പീറ്റർ ഹെയ്‌ൻ, സുപ്രീം സുന്ദർ എന്നിവർ ചേർന്ന് സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിൽ ഒരു സർഫിങ് ഇൻസ്ട്രക്ടർ ആയാണ് പ്രണവ് അഭിനയിക്കുന്നത്. പുതുമുഖം സായ ഡേവിഡ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, എന്നിവരും അഭിനയിക്കുന്നുണ്ട്.
ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രം ഒരുക്കിയാണ് അരുൺ ഗോപി അരങ്ങേറ്റം കുറിച്ചത്. ആ ചിത്രം നിർമ്മിച്ചതും ടോമിച്ചൻ മുളകുപാടം ആണ്.