കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.
നൂറു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായാണ് ഒരുക്കുന്നത്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിൽ ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്.
മുപ്പതു ശതമാനം ചരിത്രവും എഴുപത് ശതമാനം ഫിക്ഷനും ചേർത്തൊരുക്കുന്ന ഈ ചിത്രത്തിലെ മരക്കാർ ആയുള്ള മോഹൻലാലിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി മാറിയിരുന്നു.
ഇപ്പോഴിതാ മരക്കാർ ആയുള്ള പ്രണവ് മോഹൻലാലിന്റെ ലൊക്കേഷൻ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. മരക്കാരിന്റെ യൗവന കാലമാണ് പ്രണവ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മരക്കാർ ലുക്കിൽ ഉള്ള പ്രണവ് മോഹൻലാലിനെ കണ്ടാൽ പണ്ടത്തെ രാജശില്പി എന്ന ചിത്രത്തിലെ മോഹൻലാലിന്റെ രൂപത്തോടു തോന്നുന്ന അത്ഭുതകരമായ സാദൃശ്യവും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ സാബു സിറിൽ ആണ്. മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ,
കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി, പൂജ കുമാർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.