നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. നിരവധി സിനിമകളിലൂടെ നർത്തകനായും നായകനായും സംവിധായകനായും ആരാധകരെ വിസ്മയിപ്പിച്ചതാരം വിവാദങ്ങളിലും നിറഞ്ഞുനിന്നിരുന്നു. ഇടക്കാലത്ത് പ്രഭുദേവയുടെ വിവാഹമാണ് സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ചർച്ചയായത്.
പ്രഭുദേവ വീണ്ടും വിവാഹിതനായി എന്നു മാത്രമാണ് പ്രചരിച്ചിരുന്നത് എന്നാൽ നവദമ്പതികളുടെ ചിത്രങ്ങളോ മറ്റ് വിവരങ്ങളൊ പുറത്തു വന്നിരുന്നില്ല. പിന്നീടാണ് ബിഹാർ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയെയാണ് പ്രഭുദേവ വിവാഹം ചെയ്തതെന്ന് പുറംലോകമറിഞ്ഞത്. 2020 സെപ്റ്റംബറിൽ ആയിരുന്നു വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
ഇപ്പോഴിതാ പ്രഭുദേവയ്ക്കും ഹിമാനിക്കും ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്. വീണ്ടും അച്ഛനായ വിവരം പ്രഭുദേവ തന്നെയാണ് പങ്കുവെച്ചത്. ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കൾ ആയിരിക്കുകയാണ് ഇരുവരും.
‘അതെ, അത് സത്യമാണ്. ഈ പ്രായത്തിൽ (50) ഞാൻ വീണ്ടുമൊരു അച്ഛൻ ആയിരിക്കുന്നു. ഏറെ സന്തോഷവും പൂർണ്ണതയും തോന്നുന്നു’,- പ്രഭുദേവ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
പ്രഭുദേവയുടെ കുടുംബത്തിലെ ആദ്യത്തെ പെൺകുട്ടിയാണ് ഇപ്പോൾ പുറന്നിരിക്കുന്ന മകൾ. ഇത് അവരുടെ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. മകൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി ജോലി താൻ വെട്ടിക്കുറയ്ക്കുകയാണെന്നും പ്രഭുദേവ പറയുന്നുണ്ട്.
‘ജോലി ഞാൻ ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. ഞാൻ ഒരുപാട് ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്ന് തോന്നുന്നു. ഓട്ടമായിരുന്നു. അത് മതിയാക്കുകയാണ് ഇപ്പോൾ. കുടുംബത്തിനും മകൾക്കുമൊപ്പം ഇനി കൂടുതൽ സമയം ചെലവഴിക്കണം’, പ്രഭുദേവ പറഞ്ഞു.
പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് ആണ്. 1995ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിലെ മൂന്നു മക്കളിൽ മൂത്ത മകൻ കാൻസർ ബാധിച്ച് 2008ൽ മരണപ്പെട്ടിരുന്നു. പിന്നീട് ബന്ധം വഷളായതോടെ ഇരുവരും പിരിഞ്ഞിരുന്നു.
സൽമാൻ ഖാൻ നായകനായ രാധെ ആണ് പ്രഭുദേവ സംവിധാനം ചെയ്ത അവസാന ചിത്രം. ബഗീരയാണ് അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം. നർത്തകൻ എന്ന നിലയിൽ ലൂസിഫർ തെലുങ്ക് റീമേക്ക് ആയ ഗോഡ്ഫാദറിലും പ്രഭുദേവ ശ്രദ്ധ നേടി.