ബാഹുബലിയുടെ രണ്ടാംഭാഗത്തിനു ശേഷം പ്രഭാസ് ആരാധകർ കാത്തിരുന്ന സിനിമ വരുന്നു. സിനിമയുടെ 90 ശതമാനവും ആക്ഷൻ രംഗങ്ങൾ നിറച്ച ‘സാഹോ’യുടെ ടീസർ ഇന്നു പുറത്തിറങ്ങി.
ഒരു മണിക്കൂറിനുള്ളിൽ നാലരലക്ഷത്തോളം ആളുകളാണ് ഇത് യൂട്യൂബിൽ കണ്ടത്.
ശ്രദ്ധാ കപൂറാണ് നായികയായി എത്തുന്നത്. ഹിന്ദി, തെലുഗു ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന സിനിമയിൽ മലയാളിനടൻ ലാലും അഭിനയിക്കുന്നുണ്ട്.
ഹിന്ദിയിൽ പ്രഭാസ് തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.
റൺ രാജ റൺ എന്ന തെലുഗു സിനിമയിലൂടെ ശ്രദ്ധേയനായ സുജിത്താണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
1.3 മിനിറ്റാണ് ടീസർ. ‘ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ത്രില്ലർ’ എന്ന ടാഗ്ലൈനോടെയാണ് ടീസർ തുടങ്ങുന്നതുതന്നെ.
മലയാളമുൾപ്പെടെ നാലു ഭാഷകളിൽ ടീസർ റിലീസ് ചെയ്യുമെന്ന് നേരത്തേ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
അടുത്തിടെ പുറത്തുവന്ന സാഹോയുടെ ‘ബിഹൈൻഡ് ദ സീൻ’ വീഡിയോക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു.
ബൈക്ക് ചേസ്, ഏരിയൽ ഷോട്ട്, അണ്ടർവാട്ടർ സീൻ തുടങ്ങിയ രംഗങ്ങൾ ധാരാളമുള്ള സിനിമയുടെ ഭൂരിഭാഗം ലൊക്കേഷനുകളും വിദേശരാജ്യങ്ങളാണ്.
ജാക്കി ഷ്റോഫ്, നെൽ നിതിൻ മുകേഷ്, അരുൺ വിജയ്, മന്ദിര ബേദി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്.
ഹോളിവുഡ് ആക്ഷൻ കോർഡിനേറ്റർ കെന്നി ബേറ്റ്സ് ആണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്.