തൃശ്ശൂര്‍: വീട്ടമ്മയുടെ ഫേസ്ബുക്ക് പേജില്‍ കടന്നുകയറി അവരേയും മൈനറായ രണ്ട് കുട്ടികളേയും സംബന്ധിച്ച് ഫോട്ടോയും അപമാനകരമായ ഉള്ളടക്കവും പോസ്റ്റുചെയ്യുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തി കേസെടുത്തു.
മുളങ്കുന്നത്തുകാവ് ആലാപനം വീട്ടില്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകന്‍ ഗൗതം എന്ന് വിളിക്കുന്ന ജയേഷ് പി എന്നയാള്‍ക്ക് നേരെയാണ് കേസ്. തൃശ്ശൂര്‍ സ്വദേശിനിയായ പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ കൊച്ചിയിലുള്ള വീട് ജയേഷിന്റെ ഭാര്യയും ചലചിത്ര നടിയുമായ ലക്ഷിപ്രിയയ്ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. അവിടെ ‘ലക്ഷ്മിപ്രിയ ടേസ്റ്റ് ടൈം’ എന്ന പേരില്‍ സ്ഥാപനം നടത്താനായിരുന്നു 2017 ജനുവരി 1 മുതല്‍ കെട്ടിടം വാടകയ്ക്ക് നല്‍കിയത്.
എന്നാല്‍ ഫെബ്രുവരിയില്‍ ലക്ഷ്മിപ്രിയയും ഭര്‍ത്താവും നിശ്ചയിച്ചുറപ്പിച്ച വാടക കുറയ്ക്കണമെന്നാവശ്യപ്പെട്ടു. അതു നിരസിച്ചതോടെ ശത്രുതയായി. വാടക കുറയ്ക്കണമെന്ന ആവശ്യം വീണ്ടുമുന്നയിച്ചതോടെ വാടക കുറയ്ക്കാനാകില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ വീടൊഴിയാന്‍ തയ്യാറായി. ഇതിനിടയില്‍ പുരയിടത്തില്‍ ഉണ്ടായിരുന്ന നിരവധി മരങ്ങള്‍ വെട്ടിയെടുക്കുകയും ആദായം പറിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നിട്ടും ഒരുമാസത്തെ വാടക മുപ്പതിനായിരം രൂപ മാത്രം കിഴിവ് ചെയ്ത് സെക്യൂരിറ്റി തുകയുടെ ബാക്കി 70000 രൂപയ്ക്ക് ചെക്ക് നല്‍കി. അങ്ങനെ ഈ ഇടപാട് അവസാനിപ്പിച്ചു. ഇത് ശത്രുതയായി. പിന്നീട് ഉപദ്രവങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഈ സംഭവം കളമശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്.
പിന്നീടാണ് വീട്ടമ്മയുടെ ഫേസ്ബുക്ക് പേജില്‍ കടന്നുകയറി അവരേയും പെണ്‍കുട്ടികളേയും അപമാനിച്ച് പോസ്റ്റ് ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തത്. തൃശ്ശൂര്‍ സൈബര്‍ സെല്ലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന വനിത കമ്മീഷന്‍, ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ഡിജിപി എന്നിവര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.