മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പ് ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തങ്കമീന്‍കള്‍, തരമണി, കാട്രത് തമിഴ് എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്.
മമ്മൂട്ടി അഭിനയിക്കാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഈ ചിത്രം എന്നന്നേക്കുമായി ഉപേക്ഷിക്കുമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റാം. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് റാം ഇക്കാര്യം പറഞ്ഞത്. അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
2009ല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നു. ആരായിരിക്കണം അമുദന്‍ എന്നു ചിന്തിച്ചപ്പോള്‍ ഒരു മുഖമേ മനസ്സില്‍ വന്നുള്ളൂ. മമ്മൂക്കയുടേത്. പണ്ടു മുതലേ നന്നായി മലയാളം സിനിമകള്‍ കാണുന്ന ഒരാളാണ് ഞാന്‍. മമ്മൂക്കയുടെ സുകൃതം, അമരം, തനിയാവര്‍ത്തനം, മൃഗയ തുടങ്ങിയ ചിത്രങ്ങളെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്.
പിന്നെ വടക്കന്‍ വീരഗാഥ, എം.ടി വാസുദേവന്‍ നായര്‍ സാറിന്റെ സിനിമകളും എഴുത്തും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മമ്മൂക്ക ഈ സിനിമ ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ ഞാനിത് ഉപേക്ഷിക്കുമായിരുന്നു’ റാം പറയുന്നു.
പേരന്‍പിന് ലഭിച്ച സ്വീകരണത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും റാം പറയുന്നു. അമുദന്‍ എന്ന ടാക്സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്.
മമ്മൂട്ടി അമുദനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും