മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പിന് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച വരവേല്‍പ്പ്. ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രീ ബുക്കിങ്ങ് ആരംഭിച്ച് വളരെ വേഗത്തില്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഡെലിഗേറ്റുകള്‍ സ്വന്തമാക്കി.
256 സീറ്റുകളാണ് ആകെയുള്ളത്. ഇതിന്റെ 95 ശതമാനം സീറ്റുകളാണ് പ്രീബുക്കിങ്ങിന് വെച്ചിരുന്നത്. അവശേഷിക്കുന്ന അഞ്ച് ശതമാനം സീറ്റുകള്‍ക്കായി പ്രദര്‍ശനത്തിന് മുന്‍പ് വലിയ ക്യൂ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.30 നാണ് ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ പ്രദര്‍ശനം. നാല് തമിഴ് ചിത്രങ്ങള്‍ ആണ് ഇത്തവണ ഇന്ത്യന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇതിനു മുമ്പ് റോട്ടര്‍ഡാം ചലച്ചിത്രമേളയിലും ഷാങ്ങ്ഹായ് ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനത്ത് റാം സംവിധാനം ചെയ്ത ഈ ചിത്രം എത്തിയിരുന്നു.
റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17ാം സ്ഥാനത്തെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. അമുധന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ചിത്രീകരണം ആരംഭിച്ചതാണ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തും.