കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അങ്കമാലി ഡയറീസ്. പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രം അങ്കമാലിയുടെ കഥ പറഞ്ഞു. ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ചിത്രീകരിച്ച ചിത്രം വന്‍വിജയമാണ് നേടിയത്. മികച്ച അഭിനേതാക്കളെയാണ് ചിത്രം മലയാള സിനിമക്ക് സമ്മാനിച്ചത്.
ചിത്രത്തിലെ നായകന്‍ ആന്റണി വര്‍ഗീസ് ഒറ്റത്തവണ മാത്രം സംഭവിക്കുന്ന അത്ഭുതമല്ല താനെന്ന് പിന്നീട് ഇറങ്ങിയ ചിത്രത്തിലൂടെ തെളിയിച്ചു. വില്ലനായ അപ്പാനി രവിയും അതേ പോലെ തന്നെയായിരുന്നു.മലയാള സിനിമയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അപ്പാനി ശരത്ത് മണിരത്‌നം ചിത്രത്തിലും അഭിനയിച്ച് കഴിഞ്ഞു.
പെപ്പെയും അപ്പാനി രവിയും ഇനി ഹിന്ദി സംസാരിക്കും. അതെ, ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണ്. എയര്‍ലിഫ്ട്, മിത്രോം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് വിക്രം മല്‍ഹോത്രയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ചിത്രം മലയാളത്തില്‍ വമ്പന്‍ വിജയം നേടിയതിന് പിന്നാലെ മറ്റ് ഭാഷകളിലേക്കുള്ള അവകാശം വിറ്റ് പോയിരുന്നു. തെലുങ്കില്‍ വിശ്വക് സെന്‍ ആണ് പെപ്പെയായെത്തുന്നത്. മറാത്തിയില്‍ ചിത്രം കോലാപ്പൂര്‍ ഡയറീസ് എന്ന പേരിലെത്തും. ഗിരീഷ് ഗംഗാധരനായിരുന്നു ചിത്രത്തിന്റെ ക്യാമറമാന്‍.