ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക മനസുകൾ കീഴടക്കിയ ജോഡികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം നാളെ നടക്കും.
ആലുവയിൽ ഒരു പള്ളിയിൽ വെച്ച് ക്രിസ്ത്യൻ മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകൾ നടക്കുമെന്നാണ് സൂചന.
നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിലായിരിക്കും വിവാഹവിരുന്ന്. മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ കർമ്മങ്ങൾ നടക്കും.
മെയ് 5, 8 തിയതികളിലാണ് വിവാഹമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബിഗ് ബോസ് സെറ്റിൽ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവർ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകർ.
റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
തുടർന്ന് ജനുവരി 16ന് വിവാഹ നിശ്ചയം നടന്നതോടെയാണ് സംശയങ്ങൾക്ക് അവസാനമായത്. കഴിഞ്ഞ ദിവസം നടന്ന ബ്രൈഡൽ ഷവറിൻറെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
പേളി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. സിയാലിൽ മെയ് 5ന് വൈകീട്ട് 7 മുതൽ 10 വരെയാണ് വിവാഹാഘോഷങ്ങൾ നടക്കുന്നത്.
ഇരുവരുടേയും പേരുകൾ ചേർത്ത് പേളിഷ് എന്ന ഹാഷ് ടാഗിലാണ് ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുന്നത്. ഇരവരും പേളിഷ് എന്ന പേരിൽ ഒരു വെബ് സീരിയസും തുടങ്ങിയിരുന്നു.