പ്രായപൂര്‍ത്തിയായ സ്ഥിര വരുമാനമുള്ള രണ്ടു പേര്‍ തമ്മില്‍ ഒന്നിച്ചു ജീവിക്കാന്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തിന്റെ ആവശ്യം ഇല്ല എന്നു നടിയും അവതാരകയുമായ പേളി മാണി. ഒരുമിച്ച് ജീവിക്കാന്‍ രണ്ടു മനസുകളുടെ തീരുമാനവും അംഗീകാരവും മതി എന്നു പേളി പറയുന്നു. ‘കാന്യക’ യ്ക്കു നല്‍കിയ അഭിമുഖത്തിലാണു പേളി മാണി ഇങ്ങനെ പറഞ്ഞത്.
രണ്ട് വ്യക്തികള്‍ ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടക്കുന്നതാണല്ലോ ലിവിങ് ടുഗദര്‍. അവര്‍ക്കതില്‍ പ്രശ്നമൊന്നുമില്ലെങ്കില്‍ മറ്റുള്ളവര്‍ക്കെന്താ കുഴപ്പം? അതൊക്ക വ്യക്തിപരമായ കാര്യങ്ങളല്ലേ? വിവാഹം കഴിക്കാതെ വര്‍ഷങ്ങളായി ഒന്നിച്ച് ജീവിക്കുന്നവരെ എനിക്കറിയാം. സമൂഹം അവര്‍ക്കെതിരായിരുന്നു. പക്ഷേ അവരിന്നും ഒരുമിച്ചാണ്. അവര്‍ എതിര്‍ത്തത് കല്യാണം എന്ന ചടങ്ങിനെയാണ്. ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമില്ല, രണ്ട് മനസുകളുടെ തീരുമാനവും അംഗീകാരവും മതി.
ഒരു പെണ്ണിന് സുരക്ഷിതത്വം കിട്ടുന്നത് വിവാഹിതയായി പുരുഷനൊപ്പം ജീവിക്കുമ്പോഴാവാം. എന്നുവച്ച് അല്ലാതെ ഒരുമിച്ച് ജീവിക്കുന്നത് തെറ്റാണെന്നല്ല. പ്രായപൂര്‍ത്തിയായ, സ്ഥിരവരുമാനമുള്ള ആണും പെണ്ണും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്താണ് പ്രശ്നം? പക്ഷേ പഠിക്കുന്ന സമയത്ത് വീട്ടുകാരുടെ ചെലവില്‍ ലിവിങ് ടുഗദര്‍ ആവാമെന്ന് കരുതരുത്. കുടുംബത്തെ അപമാനിക്കുന്ന രീതിയില്‍, മാതാപിതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധത്തില്‍ ഒരു റിലേഷന്‍ഷിപ്പിനും മുതിരരുത് എന്നും പേളി പറയുന്നു.