അമ്മക്കെതിരെ തുറന്ന യുദ്ധം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് ഒരുങ്ങി പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍

24

കൊച്ചി: ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി ഡബ്ല്യൂസിസി. വൈകീട്ട് നാലിന് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ മാധ്യമങ്ങളെ കാണും. കൂടുതല്‍ നടിമാര്‍ ‘അമ്മ’ സംഘടനയില്‍ നിന്ന് രാജി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

Advertisements

നടിയെ ആക്രമിച്ച കേസില്‍ ‘അമ്മ’യുടെ നിലപാടിലാണ് പ്രതിഷേധം. നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതിലാണ് അമര്‍ഷം.

അതേ സമയം മീടൂ വിവാദം മലയാള സിനിമയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ട് മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.

വലിയ മീടുവിനു സാധ്യതയുണ്ടെന്ന് അറിവു ലഭിച്ചുവെന്നാണ് എന്‍എസ് മാധവന്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈകീട്ട് നാല് മണിക്ക് എറണാകുളം പ്രസ് ക്ലബ്ബില്‍ ഡബ്ല്യൂസിസി നടത്തുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്നും എന്‍എസ് മാധവന്‍ ട്വീറ്റില്‍ പറയുന്നു.

രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ സംഘടയ്ക്ക് അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരസംഘടനയായ അമ്മയില്‍നിന്നു കൂടുതല്‍ നടിമാര്‍ രാജിവയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടേയും ചൂഷണങ്ങളുടേയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചത്.

കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ക്കെതിരെ തുറന്നുപറച്ചിലുകളുമായി നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു. മലയാളത്തില്‍ നടനും എംഎല്‍എയുമായ മുകേഷില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നുകാട്ടി കാസ്റ്റിങ് ഡയരക്ടറും മാധ്യമപ്രവര്‍ത്തകയുമായ യുവതി രംഗത്തെത്തിയിരുന്നു.

Advertisement