മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടിമാരിൽ ഒരാളാണ് പാർവതി ജയറാം. ഒരുകാലത്ത് തുടരെത്തുടരെ നിരവധി നായിക കഥാപാത്രങ്ങളെ പാർവതി അവതരിപ്പിച്ചു. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇന്ന് അഭിനയത്തിൽ ഇല്ലെങ്കിൽ പോലും പാർവതിയോടുള്ള ഇഷ്ടത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. താരത്തിന്റെ പഴയ ചിത്രങ്ങൾ ഇപ്പോഴും ആവർത്തിച്ചു കാണുന്നവരുണ്ട്.
അതേസമയം വിവാഹത്തോടെയാണ് പാർവതി അഭിനയത്തിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയത്. 1993 പുറത്തിറങ്ങിയ ചെങ്കോൽ ആണ് താരത്തിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പിന്നീട് സിനിമയിൽ പാർവതി അഭിനയിച്ചിരുന്നില്ല.
അതേസമയം നടിയുടെ ഭർത്താവും നടനുമായ ജയറാമും മകൻ കാളിദാസ് ജയറാമും സിനിമയിൽ സജീവമാണ്, മകൾ മാളവിക ജയറാം വൈകാതെ തന്നെ സിനിമയിൽ എത്തും. ഈയടുത്തായിരുന്നു കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം. മോഡലായ നീലഗിരി സ്വദേശിനി തരിണി കലിംഗരായരാണ് പ്രതിശ്രുത വധു. എന്നാണ് കാളിദാസിന്റെ വിവാഹമെന്നാണ് പാർവതിയോടും ജയറാമിനോടും എല്ലാവരും ചോദിക്കുന്നത്.
അഭിനയലോകത്ത് ഇപ്പോൾ സജീവമല്ലെങ്കിലും പൊതുപരിപാടികളിലെല്ലാം പാർവതി പങ്കെടുക്കാറുണ്ട്. നടി കാർത്തികയുടെ വിവാഹത്തിനെത്തിയ പാർവതി ശ്രദ്ധാകേന്ദ്രമായിരുന്നു. ഷൂട്ടിംഗ് തിരക്കിലായിരുന്നതിനാൽ ജയറാം കൂടെയില്ലായിരുന്നു.
അതേസമയം, ഈചടങ്ങിനിടെ കാളിദാസിന്റെ കല്യാണം ഉടനെയുണ്ടോയെന്ന് ചോദിച്ചപ്പോൾ കാളിദാസിന്റേത് ഉടനെയില്ല, മോളുടേത് കാണുമെന്നായിരുന്നു പാർവതി പറഞ്ഞിരിക്കുന്നത്.
കുറച്ചുദിവസങ്ങൾക്ക് മുൻപാണ് താൻ പ്രണയത്തിലാണെന്ന് മാളവിക തുറന്നുപറഞ്ഞത്. ഭാവിവരന്റെ മുഖം കാണിക്കാത്ത തരത്തിലുള്ള ചിത്രങ്ങൾ താരം പങ്കിട്ടിരുന്നു. പിന്നീട് കാളിദാസിന്റെ വിവാഹനിശ്ചയത്തിനിടയിലാണ് രണ്ടുപേരും ഒന്നിച്ചുള്ള ക്ലിയർ ചിത്രങ്ങൾ പുറത്തുവിട്ടത്.
എങ്കിലും പങ്കാളിയുടെ പേരോ മറ്റ് വിശേഷങ്ങളോ മാളവിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ മകളുടെ വിവാഹം നടത്താനുള്ള തീരുമാനത്തിലാണ് ജയറാമും പാർവതിയുമെന്ന് തന്നെയാണ് റിപ്പോർട്ട്. മാളവികയുടെ ഭാവിവരനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാനായി ഇനി നീണ്ട കാത്തിരിപ്പ് വേണ്ടിവരില്ലെന്നാണ് സൂചന.
‘ഞങ്ങൾക്കിടയിൽ കുറച്ച് കോമൺസുഹൃത്തുക്കളുണ്ടായിരുന്നു. പ്രണയത്തിലായ കാര്യം അങ്ങോട്ട് പറയുന്നതിന് മുൻപ് അവരായിട്ട് മനസിലാക്കുകയായിരുന്നു. പിന്നെ വീട്ടുകാർ നേരിട്ട് തരിണിയെ കാണുകയും പരിചയപ്പെടുകയും ചെയ്തു. പ്ലാൻ ചെയ്ത് മുന്നോട്ട് പോവുന്ന ശീലക്കാരനല്ല, ഒഴുക്കിന് അനുസരിച്ച് പോവുന്ന പ്രകൃതമാണ്. സംഭവിക്കേണ്ട കാര്യങ്ങളെല്ലാം കൃത്യമായി വന്ന് ഭവിക്കുമെന്നാണ് വിശ്വാസം.’- എന്നാണ് കാളിദാസ് വിവാഹത്തെ കുറിച്ച് പറഞ്ഞത്.