കൊച്ചി: മലയാളത്തിലെ താരസംഘടനയ്ക്കും സംഘടനയിലെ താരങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് പറഞ്ഞ നടി പാര്‍വതി കട തുടങ്ങിയായാലും ജീവിക്കുമെന്ന് പറയുന്നു.
സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കള്ക്ടീവ് രൂപീകരിക്കുകയും പിന്നീട് വാര്‍ത്താസമ്മേളനത്തിലൂടെ എഎംഎംഎയ്ക്ക് എതിരെ രംഗത്ത് വരികയും ചെയ്ത നടിമാരില്‍ ഒരാളാണ് പാര്‍വതി.
ഇത്തരത്തില്‍ തുറന്നുപറച്ചില്‍ നടത്തിയത് കാരണം സിനിമയിലെ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. വളരെ കുറച്ച് പേര്‍ മാത്രമേ സിനിമയുമായി എത്തുന്നുള്ളൂ. സിനിമ ഇല്ലെങ്കില്‍ ഞാന്‍ ഒരു കട തുടങ്ങിയാണെങ്കിലും ജീവിക്കും. പക്ഷേ എല്ലാവരും അങ്ങനെയല്ലല്ലോ എന്നാണ് പാര്‍വതി ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഷൂട്ടിംഗിനായി ഋഷികേശിലായിരുന്ന സമയത്താണ് എന്റെ സുഹൃത്തിനെ തട്ടികൊണ്ടുപോയി ആക്രമിച്ചുവെന്ന വാര്‍ത്ത ഞാന്‍ അറിയുന്നത്. ഒരു കാറിനുള്ളില്‍ നിസഹായയാക്കപ്പെട്ട അവളെ ഓര്‍ത്ത് ഞാന്‍ വിറച്ചു പോയി. അതിന് ശേഷമാണ് ഞങ്ങള്‍ തുറന്നു സംസാരിക്കാനും പ്രതികരിക്കാനും തീരുമാനിച്ചത്.
അങ്ങനെയാണ് ഡബ്ല്യുസിസി രൂപീകരിച്ചത്. സിനിമയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ എല്ലാവരുടെയും മുന്നില്‍ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും പാര്‍വ്വതി പറഞ്ഞു.