വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് പരിനീതി ചോപ്ര. ഇന്ത്യൻ സൂപ്പർ നായിക പ്രിയങ്ക ചോപ്രയുടെ കസിൻ ആണ് പരിനീതി ചോപ്ര. നടിമാരായ മീര ചോപ്രയും മന്നാറ ചോപ്രയും കസിൻസാണ്.
ദേശീയ പുരസ്‌കാരം അടക്കം സ്വന്തമാക്കിയിട്ടുള്ള താരമാണ് പരിനീതി ചോപ്ര. ലേഡീസ് വെഴ്‌സസ് റിക്കി ബേലിലൂടെ ആയിരുന്നു പരിനീതിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നാലെ വന്ന ഇഷഖ്‌സാദെയിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ പരിനീതിയെ തേടി ദേശീയ പുരസ്‌കാരവുമെത്തി. ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരാമർശമാണ് പരിനീതിയ്ക്ക് ലഭിച്ചത്.
പിന്നീട് നിരവധി ചിത്രങ്ങൡലൂടെ താരം പ്രിയങ്കരിയായി വളർന്നു. കരിയർ തുടർ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ശക്തമായി തിരികെ വന്നിരിക്കുകയാണ് പരിനീതി. അഭിനയ രംഗത്ത് വളരെ സൂക്ഷിച്ചാണ് താരം ഓരോ കഥാപാത്രങ്ങളേയും തെരഞ്ഞെടുക്കുന്നത്.
ഇപ്പോഴിതാ, പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുമായുള്ള വിവാഹ വാർത്തകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് സോഷ്യൽമീഡിയയിലെ പ്രചാരണം.
ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയ ചിത്രങ്ങൾ പുറത്തെത്തിയതോടെയാണ് ഇരുവരും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. പരിനീതിക്കും രാഘവിനും അഭിനന്ദനങ്ങൾ അറിയിച്ച് എഎപി എംപി സഞ്ജീവ് അറോറ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന വാർത്തകളും എത്തിയത്.
ഒടുവിൽ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിനീതി ചോപ്ര. എയർപോർട്ടിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന പരിനീതിയെ മാധ്യമപ്രവർത്തകരെത്തി വിവാഹ വാർത്തയെ കുറിച്ച് ചോദിക്കുകയായിരുന്നു.
വിവാഹത്തെ കുറിച്ച് വരുന്ന വാർത്തകൾ സത്യമാണോ എന്നാണ് പാപ്പരാസികൾ പരിനീതിയോട് ചോദിച്ചത്. എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ ചിരിച്ചു കൊണ്ട് താരം കാറിന് അരികിലേക്ക് നടന്നു നീങ്ങുകയായിരുന്നു. പിന്നീട് ചോദ്യം ആവർത്തിച്ചപ്പോൾ കാറിൽ കയറിയ താരം താങ്ക്യൂ, ബൈ, ഗുഡ്നൈറ്റ് എന്ന് പറഞ്ഞു കൊണ്ട് പോവുകയായിരുന്നു. പരിനീതിയുടെ ചിരി കണ്ട് നാണത്തോടെ ചിരിക്കുകയാണെന്നാണ് പാപ്പരാസികളുടെ ഭാഷ്യം.
അതേസമയം, പരിനീതിയും രാഘവ് ഛദ്ദയും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ സഹപാഠികളായിരുന്നു. ട്വിറ്ററിൽ 44 പേരെ രാഘവ് ഫോളോ ചെയ്യുന്നുണ്ട്. ഇതിൽ, സിനിമാ മേഖലയിൽ നിന്ന് രണ്ടു പേരെയുള്ളൂ. ഒന്ന് ആം ആദ്മി പാർട്ടി അംഗം കൂടിയായ ഗുൽ പനാഗ്. രണ്ടാമത്തേത് പരിനീതിയും. പരിനീതിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് തന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കു എന്നായിരുന്നു രാഘവിന്റെ പ്രതികരണം.