‘പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നു എന്നാണ് ചിലർ മുറുമുറുക്കുന്നത്’, പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനാണിത്’; ജഗതി ശ്രീകുമാറിന്റെ മകൻ ജയ് കുമാർ

479

മലയാളികളുടെ പ്രിയതാരമാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന്റെ അസ്സാന്നിധ്യം മലയാള സിനിമയ്ക്ക് നികത്താനാകാത്തതുമാണ്. അപകടത്തിന് ശേഷം വിശ്രമജീവിതത്തിലായ താരത്തിന്റെ അവസ്ഥയിൽ മലയാള സിനിമാപ്രേക്ഷകർക്ക് തീരാവേദനയുമുണ്ട്.

ഇതിനിടെ ജഗതി ശ്രീകുമാറിനെ വീണ്ടും വെള്ളിത്തിരയിൽ കാണാനായത് ആരാധകർക്ക് മറക്കാനായിട്ടില്ല. സിബിഐ 5 ചിത്രത്തിൽ വിക്രം എന്ന സിബിഐ സീരീസിലെ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രമായാണ് ജഗതി എത്തിയത്. ഡയലോഗുകളൊന്നും ഇല്ലെങ്കിലും താരത്തിന്റെ സാന്നിധ്യം തന്നെ ചിത്രത്തിന് വലിയ മുതൽക്കൂട്ടായിരുന്നു.

Advertisements

താരത്തിന്റെ തിരിച്ചുവരവിൽ മിക്കവർക്കും സന്തോഷം ഉണ്ടെങ്കിലും ചിലർ ഇതിനിടയിലും നെഗറ്റീവ് കമന്റുകൾ പറയുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജഗതിയുടെ മകൻ രാജ് കുമാർ. മുൻപ് ഇതേകാര്യം വെളിപ്പെടുത്തി ജഗതിയുടെ മകൾ പാർവതി ഷോൺ രംഗത്തെത്തിയിരുന്നു. ജഗതി വീണ്ടും അഭിനയിച്ചതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് കുടുംബത്തിന് നേരിടേണ്ടി വന്നതെന്നാണ് പാർവതി ഷോൺ വെളിപ്പെടുത്തിയിരിക്കുന്നത്. പപ്പയെ വീണ്ടും അഭിനയിക്കാൻ വിട്ടത് പണത്തോടുള്ള ആർത്തി കൊണ്ടാണെന്ന് ചിലർ പറഞ്ഞു. എന്നാൽ ജഗതി ശ്രീകുമാർ എന്ന കലാകാരന് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഇതാണെന്നാണ് പാർവതി പറഞ്ഞത്.

ALSO READ- ‘ഞാൻ ഭയന്നിരുന്നു, എല്ലാം നഷ്ടമാകുമോ എന്ന്’; ഇന്റർനെറ്റ് ഇല്ലാത്തത് വലിയ ഭാഗ്യമായി; വിവാഹം ഒളിപ്പിച്ചു വെച്ചതിനെ കുറിച്ച് 28 വർഷത്തിന് ശേഷം ജൂഹി ചൗള

ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കൂടിയുള്ള മടങ്ങി വരവാണെന്ന് പറയുകയാണ് നിർമ്മാതാവ് കൂടിയായ രാജ് കുമാർ.പപ്പയുടെ തിരക്കിട്ട സിനിമാ കാലത്തിനൊടുവിൽ ഇപ്പോൾ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയ അവസരം എന്ന രീതിയിൽ വളരെ പോസിറ്റീവായി ഈ അവസ്ഥയെ കാണുകയാണ് എന്നാണ് രാജ് പറയുന്നത്.

രാജ് കുമാരിന്റെ തന്നെ പരസ്യ കമ്പനിക്കു വേണ്ടിയാണ് അപകടത്തിനു ശേഷം ഒൻപത് വർഷങ്ങൾ കവിഞ്ഞ് ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് എത്തിയത്. ആ സെറ്റിൽ വച്ച് പപ്പയിൽ പുതിയൊരു ഊർജം കണ്ടതായി മകൻ പറയുന്നു. ഡോക്ടറോടു സംസാരിച്ചപ്പോൾ ഇത്തരം തിരക്കുകളിൽ മുഴുകുന്നത് മടങ്ങിവരവിനെ കൂടുതൽ സഹായിക്കുമെന്ന് പറഞ്ഞിരുന്നു. തുടർന്ന് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ലൊക്കേഷനിൽ കൊണ്ടുപോയിരുന്നെന്നും രാജ് കുമാർ പറഞ്ഞു.

ALSO READ- സിനിമയിൽ താരറാണിയായി വിലസുന്നതിനിടെ സംവിധായകനുമായി വിവാഹം; പിന്നാലെ വിവാഹമോചനം, തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഭർത്താവ്; കാവേരിയുടെ ജീവിതമിങ്ങനെ

എറണാകുളത്തായിരുന്നു സിബിഐ – 5ലൊക്കേഷൻ. അങ്ങോട്ടേക്ക് യാത്ര തിരിക്കുമ്പോൾ തന്നെ പപ്പ വളരെ ഉത്സാഹത്തിലായിരുന്നു. മമ്മൂക്കയും തിരക്കഥാകൃത്ത് എസ്എൻ സ്വാമിയും അടക്കമുള്ള പഴയ സഹപ്രവർത്തകരെയൊക്കെ കണ്ടപ്പോൾ തന്നെ പപ്പയ്ക്ക് വലിയ സന്തോഷമായി. ലൊക്കേഷനിൽ എത്തുമ്പോൾ സ്വന്തം ലോകത്ത് എത്തിയ പോലെയാണ് പപ്പയെന്ന് അമ്മ പറയുന്നു. പപ്പയുടെ സന്തോഷം കണ്ടപ്പോൾ അതു ശരിയാണെന്ന് തനിക്കും തോന്നിയെന്നാണ് രാജ്കുമാർ പറയുന്നത്.

സംവിധായകൻ കെ മധു അമ്മയോടാണ് സീനുകളെ കുറിച്ചൊക്കെ വിശദീകരിച്ചത്. കേട്ടിരുന്ന പപ്പ, ആക്ഷൻ കേട്ടപ്പോൾ ഒട്ടും തെറ്റാതെ തന്നെ അഭിനയിക്കുകയായിരുന്നു. കൂടെയുള്ളവർ അഭിനയിക്കുമ്പോൾ നൽകേണ്ട റിയാക്ഷനുകൾ പോലും മാറിയിരുന്നില്ലെന്നും മാലയിലെ കുരിശിൽ പിടിക്കുന്ന സീനൊക്കെ ചെയ്തത് കൃത്യം ടൈമിങ്ങിലായിരുന്നു എന്നും രാജ് കുമാർ സാക്ഷ്യപ്പെടുത്തുന്നു. രണ്ടു ദിവസത്തെ ഡേറ്റ് കൊടുത്തിരുന്നുവെങ്കിലും ഒരു ദിവസം കൊണ്ട് എല്ലാം ഭംഗിയാക്കി.

അപകടത്തിനു ശേഷം രണ്ടു വർഷത്തോളം ജഗതി ചികിത്സയ്ക്കായി വെല്ലൂരിൽ തന്നെയായിരുന്നു. നാട്ടിൽ വന്ന ശേഷവും മരുന്നും ഫിസിയോതെറാപ്പിയും മുടക്കുന്നില്ല. പ്രാഥമിക ആവശ്യങ്ങൾ അടക്കമുള്ളവ ചെയ്യിക്കാനായി സഹായികളുണ്ട്. എല്ലാ ദിവസവും പത്രം വായിക്കാറുണ്ട്. ബെൽറ്റ് ധരിപ്പിച്ച് ദിവസവും അൽപനേരം പിടിച്ചു നടത്തും. കമ്പിയിട്ടിരിക്കുന്ന വലതു കൈയ്ക്ക് പൂർണ സ്വാധീനമായിട്ടില്ല. ഇതിനിടെ കോവിഡ് ബാധിച്ചുവെങ്കിലും കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും മകൻ പറയുന്നു.

കാണാൻ വരുന്നവർക്ക് ഷേക്ക്ഹാൻഡ് നൽകുകയും പുഞ്ചിരിക്കുകയും ചെയ്യും. അവർ പറയുന്നതൊക്കെ കേട്ടു തലയാട്ടി പ്രതികരിക്കും, ബോറടിച്ചാൽ ഇരുന്നുറങ്ങും. ഇടതുകൈ ചൂണ്ടി ഫാനും ലൈറ്റുമൊക്കെ ഓഫ് ചെയ്യാൻ പറയാറുണ്ട്. നമ്മൾ പറയുന്നതൊക്കെ തിരിച്ചറിഞ്ഞ് പ്രതികരിക്കാറുമുണ്ട്. ഇക്കഴിഞ്ഞ വർഷം പപ്പ സപ്തതി ആഘോഷിച്ചു. നെടുമുടി വേണു അങ്കിളും കെപിഎസി ലളിതാന്റിയും അടക്കം ഒപ്പമുണ്ടായിരുന്ന പലരും വിട്ടു പിരിഞ്ഞത് പപ്പ അറിഞ്ഞപ്പോൾ മുഖത്തു സങ്കടം നിറഞ്ഞ് കുറച്ചുനേരം ഇരുന്നു, പിന്നെ ഉറങ്ങി. ഉണർന്നപ്പോൾ അതു മറന്നതു പോലെയാണ് പെരുമാറിയതെന്ന് മകൻ പറയുന്നു, സങ്കടമുള്ള കാര്യങ്ങളൊന്നും ഓർമയിൽ തങ്ങിനിൽക്കുന്നില്ല എന്നു തോന്നുന്നുവെന്നാണ് രാജ് കുമാർ പറഞ്ഞത്.

കൂടാതെ, ഇക്കൊല്ലം ഒരു മുഴുനീള കഥാപാത്രം അടക്കം പപ്പ അഭിനയിച്ചത് മൂന്നു സിനിമകളിലാണ്. തിരക്കുകൾ കൂടുമ്പോഴും ഞങ്ങൾക്കു പേടിയാണ്. പണത്തിനു വേണ്ടി വയ്യാത്ത പപ്പയെ അ ഭിനയിപ്പിക്കാൻ കൊണ്ടുനടക്കുന്നു എന്നാണ് ചിലർ മുറുമുറുക്കുന്നത്. പക്ഷേ, അദ്ദേഹത്തെ തിരിച്ചു പിടിക്കാനുള്ള ഞങ്ങളുടെ അവസാന ശ്രമമാണിതെന്നും രാജ് കുമാർ പറയുന്നു.

Advertisement