മലയാളത്തിന്റെ സൂപ്പർതാരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം.
ഓർത്തിരിക്കാൻ ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച സുരേഷ് ഗോപി ഒരു നല്ല മനുഷ്യ സ്നേഹി കൂടിയാണ്. തന്നോട് സഹായം ചോദിച്ചെത്തുന്നവരെ അദ്ദേഹം ഒരിക്കലും മടക്കിയയച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് അദ്ദേഹത്തിന്. നിരവധി കുടുംബങ്ങൾക്ക് തണലായി മാറിയ സുരേഷ് ഗോപിയെ രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങൾക്കും അപ്പുറം ജനങ്ങൾക്ക് ഏറെ ഇഷ്ടമാണ്.
അതേസമയം, സുരേഷ് ഗോപിയെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ രാധികയേയും ആളുകൾക്കേറെ പ്രിയപ്പെട്ടവരാണ്. സഹജീവി സ്നേഹത്തിന്റെ മാതൃകയാണ് രാധികയും. ഈ ദമ്പതികളുടെ ആദ്യമകൾ ലക്ഷ്മി ഒരു അപകടത്തിൽ കുട്ടിക്കാലത്ത് തന്നെ മരണമടഞ്ഞിരുന്നു.
ഇന്നും സുരേഷ് ഗോപിക്കും കുടുംബത്തിനും അത് വലിയ വേദന തന്നെയാണ്. മരണപ്പെട്ട മകളുടെ പേരിൽ ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ഈ ട്രസ്റ്റിലൂടെ നിരവധി പേർക്ക് താരം സഹായങ്ങൾ ചെയ്യുകയാണ്. അംഗ പരിമിതർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, രോഗികൾ തുടങ്ങിയ അശരണർക്ക് സുരേഷ് ഗോപിയും കുടുംബവും സഹായമെത്തിക്കാറുണ്ട്. കൂടാതെ അവശത അനുഭവിക്കുന്ന സിനിമയിലെ സഹപ്രവർത്തകർക്കും കുടുംബങ്ങൾക്കും സഹായമെത്തിക്കാൻ സുരേഷ് ഗോപി മറക്കാറില്ല.
ഇത്തരത്തിൽ സുരേഷ് ഗോപിയുടെ സഹായമെത്തിയ കുടുംബമാണ് അകാലത്തിൽ വിടവാങ്ങിയ നടൻ രതീഷിന്റേത്. നടൻ രതീഷിന്റെ മകൻ പത്മരാജ് തന്നെ സുരേഷ് ഗോപിയുടെ നന്മ നിറഞ്ഞ മനസിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
സുരേഷ് ഗോപിക്കൊപ്പം പത്മരാജ് കാവൽ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആ അനുഭവവും അദ്ദേഹം പറയുന്നുണ്ട്. സുരേഷ് ഗോപിക്ക് രതീഷുമായി അത്ര അടുത്ത സൗഹൃദം ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ വേർപാടിന് ശേഷം സുരേഷ് ഗോപി ആ കുടുംബത്തിന് വേണ്ടി ചെയ്ത സഹായങ്ങളാണ് പത്മരാജ് വെളിപ്പെടുത്തുന്നത്.
കൂടാതെ, സുരേഷ് ഗോപിക്ക് ഒപ്പം അഭിനയ നിമിഷത്തെ കുറിച്ച് പത്മരാജ് രതീഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നിധിൻ ചേട്ടൻ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ സുരേഷ് അങ്കിളുമായി കോമ്പിനേഷൻ സീനുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നെന്നും അത് കേട്ടപ്പോൾ മുതൽ എനിക്ക് കയ്യും കാലും വിറക്കാൻ തുടങ്ങിയെന്നുമാണ് പത്മരാജിന്റെ വാക്കുകൾ.
‘സുരേഷ് ഗോപി സാറിന്റെ നേരെ നിന്ന് ആ മുഖത്ത് നോക്കി ഡയലോഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം കയ്യിൽ നിന്നും പോയി, ഡയലോഗ് മുഴുവൻ തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. ഇത് മനസിലായ അദ്ദേഹം എനിക്ക് കൂടുതൽ കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞുതന്നു, അതിനു ശേഷമാണ് ആ സീൻ ഭംഗിയായി എടുക്കാൻ കഴിഞ്ഞത്’- എന്നും പത്മരാജ് പറഞ്ഞു.
അച്ഛൻ പോയ സമയത്ത് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. പണം തിരിച്ചു നൽകാത്തതുകൊണ്ട് തേനിയിൽ ഒരു ഗൗണ്ടർ തങ്ങളെ തടഞ്ഞ് വെക്കുകയും ഇത് അറിഞ്ഞ സുരേഷ് അങ്കിൾ അവിടെ എത്തി മുഴുവൻ തുകയും നൽകി തങ്ങളെ രക്ഷിക്കുകയായിരുന്നു എന്നും പത്മരാജ് വെളിപ്പെടുത്തി.
പിന്നീട് തിരുവനന്തപുരത്ത് തന്നെ താമസ സൗകര്യം ശരിയാക്കുകയും, സഹോദരിമാരുടെ വിവാഹം ഉൾപ്പടെ മുന്നിൽ നിന്ന് ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് നടത്തിയാണ് തങ്ങളുടെ കുടുംബത്തെ സഹായിച്ചത്. 100 പവൻ സ്വർണ്ണം രതീഷിന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി നൽകിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.