തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ബിജുമേനോന്റെ പടയോട്ടം. തകര്‍പ്പന്‍ കോമഡി ചിത്രമെന്നാണ് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ വിലയിരുത്തുന്നത്. പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച ചിത്രത്തിന്റെ മുന്‍ റിലീസ് തിയതി ഓഗസ്റ്റ് 17 ആയിരുന്നു. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയാണ് പടയോട്ടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചെങ്കല്‍ രഘു എന്ന ഗുണ്ടയെയാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.
മലയാളത്തിലെ ഏറ്റവും അധികം പണം വാരിയ ചിത്രങ്ങളിലൊന്നാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ബാംഗ്‌ളൂര്‍ ഡെയ്‌സ്, കാട്പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ എന്നിവയ്ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ നാലാമത്തെ ചിത്രമാണ് പടയോട്ടം.
ബിജു മേനോന്റെ മുന്‍ കഥാപാത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് പടയോട്ടത്തിലെ രഘു. ബിജു മേനോന്‍, അനു സിത്താര, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബേസില്‍, സുധി കോപ്പ, സേതു ലക്ഷ്മി, ഐമാ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.