അമ്മ പണിയെടുത്തിരുന്ന അതേ പാടം വിലയ്ക്കു വാങ്ങി അമ്മയ്ക്ക് സമ്മാനിച്ചു ; സുഖമില്ലാതിരുന്ന സമയത്ത് അവിടുത്തെ കാറ്റ് കൊള്ളുമ്പോൾ പകുതി അസുഖം പമ്പ കടക്കും : നടൻ ഉണ്ണിരാജ്

261

മറിമായത്തിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഉണ്ണിരാജ്. പ്രേമത്തിന്റെ സെൻസർ കോപ്പി കാമുകിക്ക്‌സമ്മാനിച്ച് വൈറലായ ഓപ്പറേഷൻ ജാവയിലെ അഖിലേഷേട്ടനീയും ഉണ്ണിരാജ് ബിഗ്‌സ്‌ക്രീനിൽ തുടക്കം കുറിച്ചിരുന്നു.

മരണത്തെ മുഖാമുഖം കണ്ട അപകടത്തിൽ നിന്നും അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെവന്ന കഥ പറഞ്ഞ് ഉണ്ണിരാജ് എത്തിയിരുന്നു. ഇപ്പോഴിതാ താരം താൻ അമ്മയ്ക്ക് നൽകിയ സമ്മാനത്തെ കുറിച്ച് പറയുകയാണ്. വീഴ്ചയിൽ കൈകൾക്ക് പറ്റിയ ബലക്ഷയവും ആശുപത്രി വാസവും കഴിഞ്ഞു തിരികെയെത്തിയ ഉണ്ണിരാജ്, അമ്മയ്ക്ക് സമ്മാനിച്ച പാടത്തെ കാറ്റുകൊണ്ടപ്പോൾ എല്ലാ വേദനയും മറക്കാൻ കഴിഞ്ഞു എന്ന് പറയുന്നു.

Advertisements

ALSO READ

13 വർഷത്തെ ഇടവേളയിൽ എടുത്ത ചിത്രങ്ങൾ പങ്കുവച്ച് സുഹാസിനി ; അന്നും ഇന്നും എന്നും സുന്ദരമാണ് നിങ്ങളുടെ അഴകേറിയ ചിരിയെന്ന് ആരാധകർ

അമ്മ തങ്ങളെ പോറ്റി വളർത്താനായി പണിയെടുത്ത പാടം ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു സ്വരുക്കൂട്ടിയ പണം കൊണ്ട് വാങ്ങിക്കൊടുത്ത സന്തോഷത്തിലാണ് നിഷ്‌കളങ്കനായ ഈ നാട്ടിൻപുറത്തുകാരൻ.

ഉണ്ണിരാജിന്റെ വാക്കുകൾ ഇങ്ങനെ:

‘ഷക്കീർ മഠത്തിൽ സംവിധാനം ചെയ്ത ‘ജയിലർ’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിട്ട് തമിഴ്നാട്ടിൽ നിന്ന് തിരിച്ചു വന്നതായിരുന്നു ഞാൻ . മറിമായത്തിന്റെ ഒരു എപ്പിസോഡ് ചെയ്യാൻ ഉണ്ടായിരുന്നു. കൊച്ചിയിൽ നെട്ടൂർ എന്ന സ്ഥലത്താണ് ലൊക്കേഷൻ. വളരെ സന്തോഷത്തോടെയാണ് മറിമായത്തിന്റെ സെറ്റിലെത്തിയത്. ഷൂട്ടിങ് കഴിഞ്ഞു ഞാൻ രാത്രി റൂമിലേക്ക് വരികയായിരുന്നു. കുട്ടികൾക്ക് കളിപ്പാട്ടവും കുറച്ചു സാധനങ്ങളും വാങ്ങി റൂമിൽ വച്ചിരുന്നു. വളരെ നാളിനു ശേഷം. വണ്ടിയിറങ്ങി റൂമിലേക്ക് പോകുന്ന വഴി ഗേറ്റിനടുത്ത് കാൽ വഴുതി ഒന്ന് വീണു.

വീണപ്പോൾ ഞാൻ മുഖത്ത് പരിക്ക് പറ്റാതിരിക്കാൻ കൈകൾ മുഖത്ത് പൊത്തിയിരുന്നു. വീഴ്ച ഗുരുതരമാണ് എന്ന് എനിക്ക് തന്നെ ബോധ്യമായി. എനിക്ക് നല്ല ബോധമുണ്ടായിരുന്നു. എങ്ങും ഇരുട്ട് ആരെയും കാണുന്നില്ല. എനിക്ക് തനിയെ എഴുനേൽക്കാൻ കഴിഞ്ഞില്ല കൈകൾ രണ്ടും അനങ്ങുന്നില്ല. അതുവഴി ഒരാൾ പോകുന്നത് കണ്ടു രക്ഷിക്കണേ എന്ന് അലറി വിളിച്ചു. അയാൾ ഓടിവന്നു അയാളുടെ സംസാരം കേട്ടപ്പോൾ അതൊരു ബംഗാളിയാണെന്ന് മനസ്സിലായി എങ്കിലും വേണ്ടില്ല ‘എന്നെ ഒന്ന് സഹായിക്കണേ’ എന്ന് ഞാൻ പറഞ്ഞു. അയാൾ പോയി കുറെ ആളുകളെ വിളിച്ചുകൊണ്ടുവന്നു.

എന്റെ മുഖം കണ്ടവർ ‘മറിമായത്തിലെ ഉണ്ണി അല്ലെ ഇത’ എന്നുപറഞ്ഞു. അവർ വണ്ടി വിളിക്കുമ്പോൾ എന്നെ മറിമായത്തിലെ മണിയേട്ടൻ വിളിച്ചു. അവർ എന്നെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ‘മറിമായം’ കുടുംബാംഗങ്ങൾ മുഴുവൻ ഉടൻ തന്നെ ആശുപത്രിയിലെത്തി. മഴവിൽ മനോരമയിലെ അഡ്വക്കേറ്റ് പ്രദീപ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു.

എന്റെ കൈകൾ രണ്ടും മരവിച്ച അവസ്ഥയിലായിരുന്നു. എത്ര ശ്രമിച്ചിട്ടും കൈകൾ പഴയപോലെ ആകുന്നില്ല. കൈകൾക്ക് ശേഷിക്കുറവുണ്ടായിരുന്നു. കഴുത്തിന് പിന്നിൽ ഒരു ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. ഓപ്പറേഷൻ ചെയ്തതോടെയാണ് കൈകൾ നേരെ ആയത്. പത്തുപതിനഞ്ചു ദിവസം ആശുപത്രിയിലായിരുന്നു അതിൽ അഞ്ചാറ് ദിവസം ഐസിയുവിലും. ഇപ്പൊ ഉഷാറായി. അങ്ങനെ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ കടന്നുപോയതുപോലെയായിരുന്നു.

അപകടം കാരണം എനിക്ക് ചില നഷ്ടങ്ങളുണ്ടായി. ‘തിങ്കളാഴ്ച നിശ്ചയം’ സംവിധാനം ചെയ്ത സെന്ന സർ ഒരു ചിത്രത്തിൽ നല്ല ഒരു കഥാപാത്രം ചെയ്യാൻ വിളിച്ചിരുന്നു. പക്ഷെ അത് ചെയ്യാൻ കഴിഞ്ഞില്ല. മറ്റു ചില ചിത്രങ്ങളും ഇതിനിടയിൽ വന്നിരുന്നു. പക്ഷേ എല്ലാം നല്ലതിന് എന്ന ചിന്താഗതിക്കാരനാണ് ഞാൻ. ജോലിചെയ്ത പണം കൊണ്ട് ഞാൻ എന്റെ അമ്മയ്ക്കായി മൂന്നു കണ്ടം വാങ്ങിയിരുന്നു. എന്റെ അമ്മ ഓമനയമ്മ മറ്റുള്ളവരുടെ കണ്ടങ്ങളിൽ പണിയെടുത്താണ് ഞങ്ങളെ പോറ്റിവളർത്തിയത്. എന്റെ അച്ഛൻ ചൂരിക്കാടൻ കണ്ണൻ നായർ മരിച്ചിട്ട് മൂന്നുവർഷമായി. ഇനി അമ്മയെ മറ്റുള്ളവരുടെ പറമ്പിൽ പണിയെടുക്കാൻ വിടരുത് എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

ALSO READ

നാമെല്ലാവരും അൽപ്പം തകർന്നവരാണ് ! മഞ്ജു വാര്യർ പകർത്തിയ ചിത്രം പങ്കു വച്ച് ഭാവന

ഈ പാടങ്ങളിൽ പണിയെടുത്തിട്ടുണ്ടെന്ന് അത് വാങ്ങിക്കഴിഞ്ഞാണ് അമ്മ പറയുന്നത്. അങ്ങനെ അമ്മ പണിയെടുത്ത കണ്ടം തന്നെ അമ്മയ്ക്ക് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് സംതൃപ്തിയായി. അമ്മയുടെ സന്തോഷമാണ് എന്റെ സന്തോഷം. ഇപ്പൊ അമ്മ മുഴുവൻ സമയവും ആ കണ്ടത്തിലാണ്. സുഖമില്ലാതെ കിടക്കുന്ന സമയത്ത് ഞാൻ എന്റെ കണ്ടത്തിൽ പോയിരിക്കും. അവിടുത്തെ കാറ്റ് കൊള്ളുമ്പോൾ പകുതി അസുഖം പമ്പ കടക്കും. കൃഷി എനിക്ക് വളരെ ഇഷ്ടമാണ്. കണ്ടത്തിൽ നെൽക്കതിർ വിരിഞ്ഞുതുടങ്ങി അത് കാണുന്നത് തന്നെ മനസ്സിന് ഉണർവുണ്ടാകും.

ഇപ്പോൾ കൈകൾക്ക് ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കയ്യൊക്കെ ഉഷാറായി വരുന്നു. പതുക്കെ ജോലിയിലേക്ക് മടങ്ങണം. ഈ മാസം 20 ന് വീണ്ടും മറിമായം ചെയ്യാൻ എത്തണം. സുഖമില്ലാതെ കിടക്കുന്ന സമയത്ത് മറ്റൊരു സന്തോഷവാർത്ത എന്നെത്തേടി എത്തി. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ദൃശ്യ മാധ്യമ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് എനിക്കാണ് ലഭിച്ചത്. അങ്ങനെ അഭിനയ ജീവിതത്തിലെ ആദ്യത്തെ അവാർഡ് എന്നെത്തേടി എത്തിയതും സുഖമില്ലാതെ കിടന്നപ്പോഴാണ്. അവാർഡ് കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. കൂടുതൽ ശക്തിയോടെ ജോലിയിലേക്ക് തിരികെ വരാനുള്ള പ്രചോദനമായിരുന്നു ആ അവാർഡ് എന്നും പറഞ്ഞാണ് ഉണ്ണിരാജ് വാക്കുകൾ അവസാനിപ്പിയ്ക്കുന്നത്.

Advertisement