മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് രണ്ടാമൂഴം തന്നെയാണ്. അതിനോടൊപ്പം തന്നെയാണ് മഹാഭാരതത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അധികരിച്ചുള്ള രണ്ട് പ്രോജക്ടുകളും ചര്‍ച്ചയായിക്കൊണ്ടിരുന്നത്. കര്‍ണനെ കേന്ദ്രകഥാപാത്രമാക്കുന്ന രണ്ട് ചിത്രങ്ങളുടെ ചര്‍ച്ചകളായിരുന്നു അന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്.
പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുമെന്ന് പറഞ്ഞ ചിത്രവും, പി ശ്രീകുമാറിന്‍റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനാവുന്ന മറ്റൊരു ചിത്രവും. മധുപാലിന്റെ സംവിധാനത്തിലെത്തുന്ന ‘കര്‍ണ്ണനി’ല്‍ മമ്മൂട്ടിയാണ് നായക വേഷത്തിലെത്തുന്നത് മുമ്ബേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അതേസമയം, പൃഥ്വിരാജിന് പകരം വിക്രം നായകനായി ആര്‍എസ് വിമലിന്‍റെ പ്രോജക്‌ട് മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുകയുമാണ്. എന്നാല്‍ മമ്മൂട്ടിയുടെ ‘കര്‍ണ്ണന്‍’ ഇപ്പോഴും ചര്‍ച്ചയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. പതിനെട്ട് വര്‍ഷം സമയമെടുത്ത് എഴുതിയ തിരക്കഥ സിനിമയാവുക ജീവിതാഭിലാഷമാണെന്ന് പി ശ്രീകുമാര്‍ നേരത്തേ പറഞ്ഞിരുന്നു.
എന്നാല്‍ മമ്മൂട്ടിക്ക് മുന്‍പേ ആ തിരക്കഥ കേട്ടതും അഭിനയിക്കാമെന്ന് പറഞ്ഞതും മോഹന്‍ലാല്‍ ആയിരുന്നെന്ന വിവരം പങ്കുവെക്കുകയാണ് പി ശ്രീകുമാര്‍. സഫാരി ചാനലിന്‍റെ ഷോയില്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു ശ്രീകുമാര്‍.
“കര്‍ണന്‍റെ തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട വേണു നാഗവള്ളിയാണ് ഇക്കാര്യം മോഹന്‍ലാലിനോട് പറഞ്ഞത്. അദ്ദേഹം എന്നെ ആളയച്ച് വിളിപ്പിച്ചു. അദ്ദേഹത്തിന് അന്ന് കഴുത്ത് വേദനയായി ചികിത്സയില്‍ കഴിയുന്ന സമയമായിരുന്നു. അതിനാല്‍ കിടന്നുകൊണ്ട് കേള്‍ക്കാമെന്ന് പറഞ്ഞു. പക്ഷേ തിരക്കഥ വായിച്ച് പത്ത് മിനിറ്റ് കഴിഞ്ഞ് നോക്കുമ്ബോള്‍ അദ്ദേഹം കിടപ്പ് മതിയാക്കി എഴുന്നേറ്റിരിക്കുകയാണ്. ഒരുപാട് ചോദ്യങ്ങളൊക്കെ ചോദിച്ച് ആവേശത്തോടെയായിരുന്നു പിന്നീട് കഥ കേട്ടത്. അദ്ദേഹത്തിന് അത് നന്നായി ഇഷ്ടപ്പെട്ടു. ഇത് നമ്മള്‍ ചെയ്യുന്നു എന്ന് പറഞ്ഞു.” പിന്നീട് തിലകന്‍ വഴിയാണ് ഈ തിരക്കഥയെക്കുറിച്ച് മമ്മൂട്ടി അറിയാന്‍ ഇടയായതെന്നും ശ്രീകുമാര്‍ പറയുന്നു.
“മമ്മൂട്ടി അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം അപ്പോള്‍ പൊള്ളാച്ചിയില്‍ നടക്കുകയായിരുന്നു. അതില്‍ തിലകനും വേഷമുണ്ട്. തനിക്ക് ഇനിയും ഒരു ദേശീയ അവാര്‍ഡ് വാങ്ങണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തിരുവനന്തപുരത്തുകാരന്‍ ശ്രീകുമാര്‍ എഴുതിയ ഒരു തിരക്കഥ വായിച്ചുനോക്കാനാണ് മമ്മൂട്ടിയോട് തിലകന്‍ പറഞ്ഞത്. പിന്നാലെ മമ്മൂട്ടിയുടെ വിളിയെത്തി, പൊള്ളാച്ചിയില്‍ എത്താന്‍.
ആ രാത്രി മുഴുവന്‍ മമ്മൂട്ടിയുടെ മുറിയിലിരുന്ന് തിരക്കഥ വായിച്ചു. പുലര്‍ച്ചെയായപ്പോഴേക്ക് അദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. മമ്മൂട്ടി മദ്രാസില്‍ പോയി ഹരിഹരനോട് ഈ തിരക്കഥയുടെ കാര്യം പറഞ്ഞു. ഉടനെ പോയി ഈ സ്ക്രിപ്റ്റ് കേള്‍ക്കണമെന്നും ഇത് സിനിമയാക്കണമെന്നും പറഞ്ഞു. അങ്ങനെ ഹരിഹരന്‍ തിരുവനന്തപുരത്തെത്തി. തിരക്കഥ കേട്ടു. അസാധ്യ തിരക്കഥയാണ്, നമ്മളിത് ചെയ്യുന്നുവെന്ന് പറഞ്ഞു. അദ്ദേഹം ഗുഡ്നൈറ്റ് മോഹനോട് ഈ സിനിമ സംസാരിച്ചിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മോഹന്‍ അന്ന് ചെയ്ത ഹിന്ദി ചിത്രം പരാജയപ്പെട്ടത് അദ്ദേഹത്തിന് സാമ്ബത്തികബാധ്യത ഉണ്ടാക്കിയിരുന്നു.”
എന്നാല്‍ പല കാരണങ്ങളും ഉണ്ടായി ചിത്രം മുടങ്ങിക്കിടക്കുകയാണ്. ഇത് ഒരിക്കലും സിനിമയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആ തിരക്കഥ പുസ്തകമായി ഇറക്കുമെന്നും പറയുന്നു പി ശ്രീകുമാര്‍ പറഞ്ഞു.