തമിഴകത്ത് ഏറെ ആരാധകരുള്ള താരമാണ് മലയാളിയായ ഓവിയ. ബിഗ് ബോസ് റിയാലിറ്റിഷോയുടെ തമിഴ് പതിപ്പാണ് ഓവിയയെ തമിഴരുടെ പ്രിയതാരമാക്കിയത്.
ഓവിയ ആര്‍മി എന്ന് ഫാന്‍സ് പോലും രൂപപ്പെട്ടിരുന്നു. ബിഗ്ബോസിലെ മറ്റൊരു താരമായിരുന്ന ആരവിനോട് തനിക്ക് പ്രണയമാണെന്നും അതിനാല്‍ ഇനി തുടരുന്നില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ഓവിയ ബിഗ് ബോസ് വിട്ടത്.
ഇതിനിടെ ആരവ് പരിപാടിയില്‍ വിജയിക്കാന്‍ കാരണം ഓവിയയുടെ പ്രണയവും വിവാദങ്ങളുമാണെന്ന പരിഹാസവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച് ആരവ് രംഗത്തെത്തിയിരുന്നു.
തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്നായിരുന്നു ആരവ് പറഞ്ഞത്. മാത്രമല്ല യാഥാസ്ഥിക ചുറ്റുപാടില്‍ ജീവിയ്ക്കുന്ന തന്റെ മാതാപിതാക്കളെ ഗോസിപ്പുകള്‍ മാനസികമായി തകര്‍ത്തുവെന്നും ആരവ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഓവിയയും ആരവും വിവാഹിതരായെന്നും അല്ലെങ്കില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്നും വാര്‍ത്തകള്‍ പരന്നു.
ഈ വാര്‍ത്തകളോടൊക്കെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ഓവിയ. താനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് ഓവിയ പറഞ്ഞു.
‘ഞാനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവുമില്ല. ആരവ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നും വിവാഹിതരായി എന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്’. ഓവിയ പറഞ്ഞു
ഇതോടെ തങ്ങളെ ഇത്ര നാളും പറ്റിച്ചതിന് ആരവിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകരുടെ ചീത്തവിളിയാണ്. സിനിമകളില്‍ അവസരങ്ങള്‍ ആയപ്പോള്‍ ഓവിയയെ ഉപേക്ഷിച്ചതാണെന്നാണ് ഓവിയയുടെ ആരാധകര്‍ ആരോപിക്കുന്നത്.
ഓവിയ ശരിക്കും ആരവിനെ പ്രണയിക്കുന്നുണ്ടെന്നും ബിഗ് സ്‌ക്രീനിലെത്താന്‍ എന്ത് ചെയ്യാനും ആരവ് തയ്യാറാണെന്നും ഓവിയയെ പറ്റിച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു.