മലയാളത്തിന്റെ പ്രിയതാരമായിരുന്ന കലാഭവൻ മണിയെ നായകനാക്കി സൂപ്പർ സംവിധായകൻ വിനയൻ ഒരുക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീന ഗണേഷ്. പിന്നീട് അമ്മയായും സഹനടിയായും ഒക്കെ മലയാളികളുടെ മനസ്സിൽ ചേക്കേറി പ്രിയനടിയായി മാറി മീന ഗണേഷ്.
നാടക രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീന ഗണേഷ്. നൂറിൽ അധികം സിനിമകളിൽ വേഷമിട്ട മീന മികച്ച സവഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ താരം ഇപ്പോൾ എവിടെയെന്ന് സിനിമ മേഖലയിലുള്ളവർക്ക് പോലും അറിവില്ലാത്ത കാര്യമാണ്.
ശുശ്രൂഷിക്കേണ്ട മകനും ഉപേക്ഷിച്ചതോടെ താരം ഇപ്പോൾ ഒറ്റയ്ക്ക് ഒരു വീട്ടിൽ ആണ് താമസിക്കുന്നത്. വളരെ കഷ്ടപ്പെട്ടാണ് ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ രണ്ടു മക്കളെ വളർത്തിയതെന്നും എന്നാൽ മക്കൾ മോശമായാണ് പെരുമാറിയതെന്നും മീന ഗണേഷ് പറയുന്നു. മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണിയുമായി നല്ല സ്‌നേഹ ബന്ധം ഉണ്ടായിരുന്ന മീനയ്ക്ക് അദ്ദേഹത്തിന്റെ അകാലത്തിലെ വിയോഗം തീരാനോവാണ് സമ്മാനിച്ചത്. മിക്ക സിനിമകളിലും മണിയുടെ അമ്മയായി എത്തിയ മീനയെ യഥാർഥജീവിതത്തിലും അമ്മയായി കണ്ട് സഹായങ്ങൾ എത്തിച്ചിരുന്നു താരം.
കഴിഞ്ഞ രണ്ട് വർഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്നും അവശത കാരണം ഇടവേളയിലാണ്. താരം ഇപ്പോൾ എവിടെയാണെന്ന് അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയയും സിനിമാ പ്രേമികളും. കാലിന് വയ്യാതെ വന്നതോടെയാണ് അഭിനയരംഗത്ത് നിന്ന് മീന ഗണേഷ് മാറി നിന്നത്. മുൻപുംആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മറ്റുള്ളവരുടെ സഹായത്തോടെ താരം അഭിനയിക്കുവാൻ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ എത്തിയിരുന്നു.
എന്നാൽ ബിപി കൂടി തലകറക്കം പതിവായതോടെ അഭിനയലോകത്തേക്കുള്ള യാത്രയും താരം കുറച്ചു. ഭർത്താവ് മരിക്കുന്നതിന് മുൻപ് തന്നെ അവശതയിലായിരുന്നു താരം. പിന്നീട് അദ്ദേഹത്തിന്റെ മരണത്തോടെ ജീവിതത്തിൽ ഒറ്റപ്പെടുകയും ചെയ്തു. ഇപ്പോൾ നടക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലാണ് താരമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഇതിനിടെ, കുറച്ചു നാൾ അസുഖബാധിതയായി പാലക്കാട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അന്നും താര സംഘടനയും ഫിലിം സൊസൈറ്റിയും നൽകുന്ന പെൻഷൻ ആണ് തനിക്ക് ഏക ആശ്വാസമായതെന്ന് മീന പറഞ്ഞിരുന്നു.
മീനയുടെ ഭർത്താവ് മരിച്ചിട്ട് പന്ത്രണ്ട് വർഷം പിന്നിടുമ്പോഴും അവർക്ക് താങ്ങായി മക്കളെത്തുന്നില്ല. നാടക നടിയായിരുന്ന മീന ഒപ്പം അഭിനയിച്ചിരുന്ന ആളെ തന്നെയാണ് വിവാഹം കഴിച്ചത്. ഇരുവരും ആദ്യം സുഹൃത്തുക്കളാവുകയും, പിന്നീട് ആ സൗഹൃദം വിവാഹത്തിലേയ്ക്ക് എത്തുകയുമായിരുന്നു.
ദമ്പതികൾക്ക് ഒരു മകനും, മകളുമാണ് ഉള്ളത്. വാർധക്യത്തിലെ അവശതയിലും തന്റെ മകൻ തന്നെ നോക്കുന്നില്ല എന്ന് കണ്ണീരോടെ പറഞ്ഞ് മീന മാധ്യമങ്ങളുടെ മുന്നിൽ എത്തിയിരുന്നു. മകൻ ചിരട്ട എടുത്തു തെണ്ടാൻ പോകാൻ പറഞ്ഞുവെന്നായിരുന്നു മീനയുടെ ആരോപണം. മകനിൽ നിന്നും മരുമകളിൽ നിന്നും ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നെന്ന് ആരോപിച്ചു മീന പുറംലോകത്തെത്തിയത് വലിയ നോവായിരുന്നു. തുടർന്ന് പോലീസ് മക്കളെ വിളിച്ചുവരുത്തി ചർച്ചചെയ്ത് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.