മലയാള സിനിമയ്ക്ക് ഈ വർഷം ലഭിച്ച ഏറ്റവും വലിയ തിയറ്റർ ഹിറ്റായിരുന്നു 2018 എന്ന സിനിമ. വൻ താരനനിരയിൽ ജൂഡ് ആന്തണി ജോസഫ് സംവിധാനെ ചെയ്ത ചിത്രം 200 കോടിയാണ് തിയറ്ററിൽ നിന്നും കളക്ട് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രം രാജ്യത്തിന്റെ ഒഫീഷ്യൽ ഓസ്‌കർ എൻട്രി കൂടിയാണ്. 2024ലെ മികച്ച ചിത്രത്തിനായി 2018 മത്സരിക്കും. ഇതിനിടെ ചിത്രത്തിന് മറ്റൊരു അംഗീകാരവും കൂടി ലഭിച്ചിരിക്കുകയാണ്. മികച്ച ഏഷ്യൻ നടനുള്ള രാജ്യാന്തര പുരസ്‌കാരമാണ് ചിത്രത്തലൂടെ ടൊവിനോയ്ക്ക് ലഭിച്ചിരിക്കുന്നത്.
നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ്‌സിലാണ് മികച്ച ഏഷ്യൻ നടനായി ടൊവിനോയെ തിരഞ്ഞെടുത്തത്. 2018 എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം.
ഇന്ത്യയിൽ നിന്നും ഭുവൻ ബാം എന്ന നടൻ മാത്രമാണ് മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനിൽ ടൊവിനോയ്‌ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയിൽ നിന്നും ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ നടൻ കൂടിയാണ് ടൊവിനോ.
2018ലെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് ഈ പുരസ്‌കാരത്തെ പ്രിയപ്പെട്ടതാക്കുന്നതെന്നും ഇത് കേരളത്തിനുള്ള പുരസ്‌കാരമാണെന്നുമാണ് അവാർഡ് സ്വീകരിച്ച് ടൊവിനോ സമൂഹമാധ്യമത്തിൽ കുറിച്ചത്.ഈ അവാർഡ് ശില്പവുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ടൊവിനോയുടെ ഈ പ്രതികരണം.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരേൻ,ലാൽ, സിദ്ധീഖ്, തൻവി റാം, വിനീത്ശ്രീനിവാസൻ, ഗൗതമി നായർ, സുധീഷ് തുടങ്ങിയ വലിയ താര നിരയിലാണ് സിനിമ ഒരുക്കിയത്. വെറും 30 കോടി ബജറ്റിൽ ഒറുങ്ങിയ സിനിമ 200 കോടി ബോക്സോഫീസ് കലക്ഷൻ നേടിയത് വലിയ റെക്കോർഡായി മാറി.
2018 ഓസ്‌കാർ എൻട്രി നേടിയതിന്റെ മണിക്കൂറുകൾ മുൻപാണ് ഇതേ സിനിമയിലെ അഭിനയത്തിന് മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരം ടൊവിനോ തോമസിന് ലഭിച്ചത്. മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം സ്വീകരിച്ച് ടൊവിനോ ആ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും വാട്സ് ആപ്പിലൂടെയും പങ്കുവച്ചിട്ടുണ്ട്.
”ഒരിക്കലും വീഴാതിരിക്കുന്നതിലല്ല നമ്മുടെ ഏറ്റവും വലിയ മഹത്വം. ഓരോ തവണ വീഴുമ്പോഴും എഴുന്നേറ്റ് നിൽക്കുന്നതിലാണ്. 2018 ൽ പ്രളയം നമ്മളെ തകർത്തു, എന്നാൽ പിന്നീട് കണ്ടത് എന്താണ് കേരളീയത എന്നതാണ്. എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്ത സെപ്റ്റിമിയസിന് നന്ദി.”
”ഇതെന്നും എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കും. 2018 എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇനിക്ക് ഈ ഇന്റർനാഷണൽ അവാർഡ് ലഭിച്ചത്. ഇത് ഞാൻ കേരളത്തിന് സമർപ്പിയ്ക്കുന്നു”-ടൊവിനോ തോമസ് കുറിച്ചു.