അനുരാഗ കരിക്കിൻ വെള്ളം എന്ന ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ താരത്തിന് സാധിച്ചു. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും രജിഷയ്ക്ക് ലഭിച്ചിരുന്നു.
ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റ് എന്ന സീരീസിലെ ആദ്യചിത്രമായ ‘ഗീതു അൺചെയിൻഡ്’ൽ പ്രധാനവേഷം ചെയ്യുന്നത് രജിഷ വിജയനാണ്.
ALSO READ
ആരായിരിക്കണം തന്റെ ജീവിത പങ്കാളിയെന്ന് തെരഞ്ഞെടുക്കാനുള്ള അടിസ്ഥാനപരമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളുടെ പ്രതിനിധിയാണ് രജിഷ അവതരിപ്പിക്കുന്ന ഗീതു.
മിനിസ്‌ക്രീൻ പരിപാടികളിൽ അവതാരകയായതിന് ശേഷമാണ് രജിഷ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാൻ താരത്തിനായിട്ടുണ്ട്. മലയാളത്തിൽ പ്രേക്ഷകപ്രീതി നേടിയ താരം തമിഴിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് രജിഷ ഇപ്പോൾ. കരിയറിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്. കല്യാണത്തെ കുറിച്ച് ജീവിതത്തിൽ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും വിവാഹം ഒരാളുടെ ചോയിസാണെന്നും രജിഷ പറയുന്നുണ്ട്.
‘കല്യാണത്തെക്കുറിച്ചുള്ള ഈ ചോദ്യങ്ങൾ കണ്ടുവളരുന്നതാണ്. കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചർച്ച ചെയ്യുന്ന സമൂഹമാണ്. എന്റെയടുത്ത് പക്ഷെ ഈ ചോദ്യം അങ്ങനെയാരും ചോദിക്കാറില്ല. ഞാൻ അങ്ങനെയൊരു ഇടം കൊടുക്കാത്തതുകൊണ്ടായിരിക്കാം. പക്ഷെ പരിചയമുള്ള ചേച്ചിമാരോടൊക്കെ ഇങ്ങനെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.
ഒരു മനുഷ്യന്റെ ചോയിസാണ് എപ്പോൾ, ആരെ, എങ്ങനെ വിവാഹം ചെയ്യണമെന്നത്. ആ തെരഞ്ഞെടുപ്പിനുള്ള പ്രാഥമികമായ സ്വാതന്ത്ര്യമെങ്കിലും എല്ലാവർക്കും കൊടുക്കണം. എത്രയോ പേരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടിട്ടുണ്ട്,’ താരം പറയുന്നു.
ട്രെക്കിങ്ങിനൊക്കെ പോവാറുണ്ടെങ്കിലും ഉയരും പേടിയാണെന്നും ഏറ്റവും പേടിയുള്ള കാര്യം ലിഫ്റ്റിൽ കുടുങ്ങിപ്പോവുമോ എന്നതാണെന്നും രജിഷ പറഞ്ഞു.
‘പേടിയുള്ള കാര്യങ്ങളുണ്ട്. ട്രെക്കിങ്ങ് എന്നൊക്കെ പറഞ്ഞ് പോവാറുണ്ട്. പക്ഷെ ഉയരം ഭയങ്കര പേടിയാണ്. പേടിയെ മറികടക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ മുഴുവനായിട്ടില്ല എന്നതാണ് സത്യം. ട്രെക്കിങ്ങിന് പോയിട്ടും ആ പേടി കാര്യമായി അങ്ങോട്ട് മാറുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ പേടി ലിഫ്റ്റിൽ കുടുങ്ങിപ്പോവുക എന്നുള്ളതാണ്. നാലഞ്ച് തവണ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്.
എപ്പോൾ ലിഫ്റ്റിൽ കയറിയാലും ഭയങ്കര പേടിയാണ്. കയറുന്നത് മുതൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കും, കുടുങ്ങല്ലെ എന്ന്. അതുകൊണ്ട് ഒറ്റക്ക് ലിഫ്റ്റിൽ കയറാറില്ല. പിന്നെ ഒരു കാര്യത്തോട് പേടിയുണ്ടെന്ന് കരുതി അതിനെ മുഴുവനായിട്ടും ഒഴിവാക്കാൻ പറ്റില്ലല്ലോ,’ രജിഷ കൂട്ടിച്ചേർത്തു.
ALSO READ
രാഹുൽ ആർ. നായർ സംവിധാനം ചെയ്യുന്ന കീടം, കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും, ഗൗതം മേനോൻ, വെങ്കി തുടങ്ങിയവർ അഭിനയിക്കുന്ന വേദ, കാർത്തി നായകനാകുന്ന സർദാർ, രവി തേജയുടെ രാമറാവു ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങളാണ് രജിഷയുടേയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.