റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലു ചിത്രം അഡാറ് ലൗ മലയാളത്തില്‍ ഇതുവരെയുണ്ടാകാത്ത അത്രയും ഹൈപ്പ് സൃഷ്ടിക്കുകയാണ്. 1200 തിയേറ്ററുകളില്‍ ഇന്ത്യന്‍ റിലീസുണ്ടാകുമ്പോള്‍ ലോകത്താകമാനമായി 2000 തിയേറ്ററുകളില്‍ ചിത്രമെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതിനും അപ്പുറമാണ് ഈ കണക്കുകള്‍.
തുപ്പാക്കിയും തെറിയും കബാലിയും പോലുള്ള വമ്പന്‍ പ്രൊജക്ടുകള്‍ നിര്‍മിച്ച കലൈപ്പുലി താണു തമിഴില്‍ റിലീസിനെടുത്തിരിക്കുന്ന ചിത്രത്തിന് വമ്പന്‍ പ്രമോഷന്‍ വര്‍ക്കുകളാണ് നടത്തുന്നത്. തമിഴ്, തെലുങ്ക്, കന്നട സിനിമാ മേഖലയില്‍നിന്നും വലിയ പ്രതീക്ഷകളോടെയാണ് യുവപ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ തെലുങ്ക് പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴേക്കും ലഭിച്ച 12000 റിയാക്ഷനുകള്‍ ഈ പ്രതീക്ഷയുടെ തെളിവാണെന്നുപറയാം.
ആറ് കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം ബജറ്റ്. എല്ലാവിധ പബ്ലിസിറ്റിയും ഉള്‍പ്പെടെയാണിത്. ഈ ചെറിയ ബജറ്റില്‍നിന്ന് ഇത്രയും പ്രശസ്തി റിലീസിനുമുമ്പേ ലഭിച്ച മറ്റൊരുചിത്രം അടുത്തകാലത്തുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പോസിറ്റീവ് റീവ്യൂ വന്നുകഴിഞ്ഞാല്‍ മലയാള സിനിമാ മേഖല കണ്ട ഏറ്റവും വലിയ ലാഭക്കണക്കുകള്‍ ഈ ചിത്രത്തിന്റേതാകാന്‍ സാധ്യതയുണ്ട്. എല്ലാ ഭാഷകളിലും നിലവില്‍ സാറ്റലൈറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.
ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ചിത്രമാകാന്‍ അഡാറ് ലൗവിന് സാധിച്ചു. ഫെബ്രുവരി 14ന് റിലീസിനെത്തുന്ന ചിത്രം ഷൂട്ടിംഗ് സമയത്തുതന്നെ നിരവധി വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. മാണിക്യമലരായ പൂവി എന്ന ഗാനവും പ്രിയാവാര്യരുടെ കണ്ണിറുക്കലും ഒട്ടുമിക്ക രാജ്യങ്ങളില്‍ ഉള്ള സിനിമാ ആരാധരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
റോഷന്റെയും പ്രിയയുടേയും അഭിനയം, നെഗറ്റീവും പോസിറ്റീവുമായ പബ്ലിസിറ്റികള്‍, അണിയറയില്‍ സംഭവിച്ച തര്‍ക്കങ്ങള്‍, ഒത്തുതീര്‍പ്പുകള്‍ എല്ലാം ചര്‍ച്ചയായി എന്നത് വസ്തുതയാണെന്നിരിക്കെ ഈ ചിത്രം സൃഷ്ടിക്കുന്ന ബിസിനസ് കണ്ടില്ലെന്ന് നടിക്കാനാവില്ല. പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന ഒരു ചിത്രത്തിന് കിട്ടുന്ന ഈ ബിസിനസ് മറ്റ് സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അസൂയയോടെ മാത്രമേ നോക്കിക്കാണാനാവൂ.