പണിതരാന്‍ വന്നവരെ ഒടിവെച്ച് വീഴ്ത്തി ഒടിയന്‍, 2 ദിവസം കൊണ്ട് കളക്ഷന്‍ 50 കോടികടന്നു, ഡീഗ്രേഡിങ്ങിനെ തള്ളിക്കളഞ്ഞ് ഫാമിലി പ്രേക്ഷകര്‍ തിയ്യറ്ററുകളിലേക്ക് ഒഴുകുന്നു

45

കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്‍ 2 ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ നേടിയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒടിയന് എതിരെ നടക്കുന്ന ആക്രമണത്തില്‍ മാധ്യമങ്ങളോട് പ്രതികരക്കുമ്പോഴാണ് ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം, ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് നേരത്തെ ഒടിയന്‍ ടീം പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരുന്നത്. ഒരു മലയാളം സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു.

Advertisements

കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ജിസിസിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം 4.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 684 ഷോയാണ് ആദ്യ ദിവസം നടന്നത്.

വിദേശരാജ്യങ്ങളില്‍ നിന്ന് മൊത്തം കളക്ഷന്‍ 11.78 കോടി രൂപയാണ്. ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാാണ് ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. എന്നാല്‍ 2 ദിവസം കഴിഞ്ഞുള്ള കളക്ഷന്റെ വിശദാംശങ്ങള്‍ അണിയറക്കാര്‍ പുറത്ത് വിട്ടിട്ടില്ല.

ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മഞ്ജു വാര്യരാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തിയിരിക്കുന്നു. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

അതേ സമയം ഒടിയനെതിരെയുള്ള പ്രചാരണങ്ങളെ ശാസ്ത്രീയമായി നേരിടുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി നൂറ് പേര്‍ മോശം പറയുമ്പോള്‍ സിനിമ ഇഷ്ടപ്പെട്ട ആയിരം പേര്‍ അപ്പുറത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല എന്ന തരത്തില്‍ വളരെ ആത്മാര്‍ഥമായ കമന്റുകളുണ്ട്. അത്തരം കമന്റുകളെ അതിന്റേതായ ബഹുമാനത്തോടെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെ വ്യക്തിപരമായ ആക്രമണവും നടക്കുന്നുണ്ട്.

സിനിമ കണ്ടിട്ടുപോലുമില്ലാത്തവരാകാം ഇത്തരം വിമര്‍ശനങ്ങളുന്നയിക്കുന്നത്. ഈ വ്യാജപ്രചാരണങ്ങള്‍ പെയ്ഡ് ആണ്. അസഭ്യം എഴുതാനും പ്രചരിപ്പിക്കാനും ആളുകളെ വാടകക്ക് എടുത്തിരിക്കുകയാണ്.

ഒരുവശത്ത് വ്യക്തിഹത്യയും നടക്കുന്നുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്കൊന്നും ആയുസ്സില്ല. നല്ല കാമ്പുള്ള തിരക്കഥയുള്ള ചിത്രമാണ് ഒടിയന്‍ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസമുള്ളതുകൊണ്ടാണ് ഈ സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതും ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ചതും.

സിനിമ വിജയിക്കും എന്ന വിശ്വാസം ഇപ്പോഴുമുണ്ട്. ഒരുപാട് കാലം ഒരാളെയോ ഒരു സിനിമയെയോ തെറിവിളിച്ചും തരംതാഴ്ത്തിയും മുന്നോട്ടുപോകാനാകില്ല- ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ഈ ആക്രമണങ്ങളെയെല്ലാം സത്യം കൊണ്ടും ഉള്ളടക്കം കൊണ്ടും തോല്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്രമണത്തെ ശാസ്ത്രീയമായി നേരിടും. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമെഴുതാത്തവരാണ് അവരിലധികവും.

”മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവരുടെ അഭിനയത്തെ പുകഴ്ത്തുന്ന, പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ ഇഷ്ടപ്പെട്ട വലിയൊരു വിഭാഗമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. സോഷ്യല്‍ മീഡിയക്ക് മുന്‍പ് ‘മൗത്ത് പബ്ലിസിറ്റി’ വഴിയല്ലേ ഇവിടെ അഭിപ്രായം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അത്തരത്തിലൊരു ട്രെന്‍ഡ് ഉണ്ടാക്കിയെടുത്താല്‍ ഈ വ്യാജപ്രചാരണങ്ങള്‍ക്ക് എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും.ശ്രീകുമാര്‍ മേനോന്‍ ചോദിച്ചു,

അതേ സമയം നെഗറ്റീവ് പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ഫാമിലി പ്രേക്ഷകര്‍ തിയ്യറ്ററുകളിലേക്ക് കൂട്ടമായെത്തുന്ന കാഴ്ചയാണ്. ചിത്രം നല്ലതാണെന്നും അമിത പ്രമോഷന്‍ ആണ് കുഴപ്പമായതെന്നും അഭിപ്രായം ഉയരുമ്പോള്‍ ആദ്യം ദിനം കാണാന്‍ മടിച്ചവരും ഇപ്പോള്‍ തിയ്യറ്ററുകളിലേക്ക് എത്തിച്ചേരുന്ന കാഴ്ചയാണ്.

ആദ്യ ദിനത്തില്‍ ആഗോള തലത്തില്‍ 32.5 കോടി രൂപ കളക്റ്റ് ചെയ്‌തെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ഒടിയന്റെ ആദ്യ ദിനത്തെ വ്യത്യസ്ത മേഖലകളിലെ കളക്ഷനുകളെ കുറിച്ച്‌ ശ്രീകുമാര്‍ പറഞ്ഞത്.

11.5 കോടി കേരളത്തില്‍ നിന്ന് മാത്രം കളക്റ്റ് ചെയ്ത ചിത്രം മറ്റ് ഇന്ത്യന്‍ സെന്ററുകളില്‍ നിന്ന് 5 കോടിക്കടുത്ത് കളക്ഷന്‍ നേടിയെന്നാണ് ശ്രീകുമാര്‍ അവകാശപ്പെടുന്നത്. യുഎഇ/ ജിസിസിയില്‍ നിന്ന് 7 കോടിക്കു മുകളില്‍ കളക്റ്റ് ചെയ്ത ചിത്രം മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 11 കോടി രൂപ കളക്റ്റ് ചെയ്തുവെന്ന് ശ്രീകുമാര്‍ പറയുന്നു. കേരളത്തില്‍ നിന്ന് ചിത്രം ആദ്യ ദിനത്തില്‍ 7 കോടിക്കടുത്ത് കളക്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊതുവില്‍ ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്.

മോഹന്‍ലാല്‍ ഫാന്‍സിന്റേതെന്ന് കരുതപ്പെടുന്ന പേജുകള്‍ ഉള്‍പ്പടെയാണ് ഈ കളക്ഷന്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ആദ്യ ദിന കളക്ഷന്‍ റെക്കോഡുകള്‍ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലില്ലായിരുന്നെങ്കില്‍ കളക്ഷന്‍ എട്ടുകോടിക്ക് മുകളില്‍ എത്തിയേനേ.

ട്രാക്ക് ചെയ്യപ്പെട്ട 1000 ഓളം ഷോകളില്‍ 3.50 കോടിക്കടുത്താണ് ചിത്രം നേടിയത്. മൊത്തം 1950 ഷോകളാണ് ഒടിയന്‍ ആദ്യ ദിനത്തില്‍ കളിച്ചതെന്നാണ് കണക്കാക്കുന്നത്. കാര്‍ണിവല്‍ സ്‌ക്രീനുകളില്‍ 55 ലക്ഷത്തിനു മുകളിലാണ് ഒടിയന്‍ നേടിയത്. തിരുവനന്തപുരം സിംഗിള്‍ സ്‌ക്രീവുകളില്‍ നിന്ന് 55.83 ലക്ഷവും എര്‍ണാകുളം സിംഗിള്‍ സ്‌ക്രീനുകളില്‍ നിന്ന് നിന്ന് 33.86 ലക്ഷവും ചിത്രം നേടിയിട്ടുണ്ട്.

ഗള്‍ഫില്‍ നിന്ന് 7 കോടിക്കു മുകളില്‍ കളക്ഷന്‍ ആദ്യ ദിനത്തില്‍ ചിത്രം നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഗള്‍ഫിലെ അവധി ദിനമായിരുന്നതിനാലും അഡ്വാന്‍സ് ബുക്കിംഗ് ആദ്യമേ പൂര്‍ത്തിയായതിനാലും ഈ കളക്ഷന്‍ ഉറപ്പായിരുന്നു.

Advertisement