മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി ലോകമെമ്പാടും താര ചക്രവര്‍ത്തി മോഹൻലാൽ നായകനായ ഒടിയൻ റിലീസ് ചെയ്തു കഴിഞ്ഞു. കേരളത്തിൽ തന്നെ റെക്കോർഡ് റിലീസ് ആണ് ഒടിയൻ നേടിയത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വി എ ശ്രീകുമാർ മേനോന്റെ ആദ്യത്തെ സിനിമാ സംവിധാന സംരംഭമാണ്. ദേശീയ അവാർഡ് ജേതാവായ തിരക്കഥാകൃത്തായ ഹരികൃഷ്ണൻ ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. സത്യം പറഞ്ഞാൽ, ഇത്രയധികം ഹൈപ്പ് കേരളത്തിന് അകത്തും പുറത്തും വേറെ ഒരു മലയാള ചിത്രവും സൃഷ്ടിച്ചിട്ടില്ല.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ അൻപതോളം വർഷങ്ങൾക്കു മുൻപ് കേരളത്തിലെ മലബാർ മേഖലയിൽ നിലനിന്നിരുന്ന ഒടിയൻ എന്ന മിത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തേങ്കുറിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയൻ ആയ മാണിക്യന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. മാണിക്കന്‍
എങ്ങനെ ഒടിയൻ ആയി എന്നും എങ്ങനെ അയാൾ അവസാനത്തെ ഒടിയൻ ആയി മാറി എന്നും നമ്മൾ കേട്ട് പഴകിയ ഒടിയൻ കഥകളെ പൊളിച്ചെഴുതി കൊണ്ട് പറഞ്ഞിരിക്കുകയാണ് ശ്രീകുമാറും ഹരികൃഷ്ണനും ചേർന്ന്. അതോടൊപ്പം തന്നെ രാവുണ്ണി, പ്രഭ എന്നിവരുടെയും കൂടി കഥയാണ് ഈ ചിത്രം പറയുന്നത്.
ശ്രീകുമാർ മേനോൻ എന്ന സംവിധായകന്റെ ആദ്യ ചിത്രമാണ് ഒടിയൻ എന്നത് കൊണ്ട് തന്നെ, ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ മാനം മുട്ടിയ സമയത്തു, അദ്ദേഹത്തെ കൊണ്ട് ഇത്ര വലിയ ഒരു ചിത്രം ഒരുക്കാൻ സാധിക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നത് കണ്ടിരുന്നു. എന്നാൽ ആ സംശയമെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് , വിമർശകരുടെ വായടപ്പിച്ചു കൊണ്ടാണ് ശ്രീകുമാർ മേനോൻ ഒടിയൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. അത്ര ഗംഭീരമായ രീതിയിൽ ആണ് അദ്ദേഹം ഈ ചിത്രത്തിന് ദൃശ്യ ഭാഷ ഒരുക്കിയത് എന്ന് പറയാം.
ഹരികൃഷ്ണൻ എന്ന രചിയിതാവ് ചെയ്തത് നമ്മൾ കേട്ടിട്ടുള്ള ഒടിയൻ എന്ന മിത്തിനെ പൊളിച്ചെഴുതികൊണ്ടു ഒരു പുതിയ ഒടിയനെ സൃഷ്ടിക്കുകയായിരുന്നു. ആഴവും വൈകാരിക തീവ്രതയുമുള്ള ഒരു കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മാസ്സ് എലമെന്റുകളും ചിത്രത്തിൽ കൃത്യമായി ഉൾക്കൊള്ളിച്ചു. കലാമൂല്യം ഉള്ളപ്പോൾ തന്നെ ഒരു കിടിലൻ എന്റെർറ്റൈനെർ ആയും ഒടിയൻ എന്ന ചിത്രത്തെ മാറ്റിയെടുക്കാൻ സംവിധായകനും രചയിതാവിനും സാധിച്ചിട്ടുണ്ട്. ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും മൂർച്ചയുള്ള ഡയലോഗുകളും മനസ്സിൽ തൊടുന്ന അഭിനയ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചതിനൊപ്പം തന്നെ ചിത്രത്തിലുടനീളം ഉള്ള ഫാന്റസി എലമെന്റും ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഇവർ രണ്ടു പേരും.
മോഹൻലാൽ എന്ന നടനെയും താരത്തെയും അതിന്റെ ഏറ്റവും മികവുറ്റ രൂപത്തിൽ ഒരേ കഥാപാത്രത്തിലൂടെ തന്നെ കാണാൻ സാധിക്കുക എന്നത് വിസ്മയകരമാണ്. ദേവാസുരത്തിലും മറ്റും നമ്മൾ കണ്ടിട്ടുള്ള, മാസും ക്ലാസും ഒരേ സമയം അനായാസമായി കൈകാര്യം ചെയ്തു കൊണ്ട് കഥാപാത്രമായി ജീവിക്കുന്ന ആ മോഹൻലാലിനെ നമ്മുക്ക് ഈ ചിത്രത്തിൽ കാണാൻ കഴിയും. ഇന്ന് ഇന്ത്യൻ സിനിമയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്ന് മോഹൻലാലിനെ എന്തുകൊണ്ട് വിശേഷിപ്പിക്കുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ, അവർക്കു കാണിച്ചു കൊടുക്കാൻ പറ്റിയ ഏറ്റവും പുതിയ ഉദാഹരണമാണ് ഒടിയൻ.
മാണിക്യൻ ആയി മോഹൻലാൽ സ്‌ക്രീനിൽ ഓരോ നിമിഷവും ജീവിച്ചു കാണിക്കുകയായിരുന്നു. ശരീര ഭാഷയിലും, ചലനങ്ങളിലും സംഭാഷണ രീതിയിലും, വോയിസ് മോഡുലേഷനിലും സൂക്ഷ്മമായ ഭാവ പ്രകടനങ്ങളിലുമെല്ലാം ഈ നടൻ നമ്മളെ വിസ്മയിപ്പിക്കും ഈ ചിത്രത്തിലൂടെ. രാവുണ്ണി ആയി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രതിനായക വേഷങ്ങളിൽ ഒന്നാണ് പ്രകാശ രാജ് നമ്മുക്ക് തന്നത് എങ്കിൽ പ്രഭ എന്ന കഥാപാത്രമായി മഞ്ജു വാര്യർ നടത്തിയത് സമാനതകൾ ഇല്ലാത്ത പ്രകടനമാണ്. ഇവർക്കൊപ്പം സിദ്ദിഖ്, മനോജ് ജോഷി, ഇന്നസെന്റ്, നന്ദു, കൈലാഷ്, സന അൽത്താഫ്, ശ്രീജയ, നരെയ്ൻ, അനീഷ് ജി മേനോൻ, മനോജ് ജോഷി തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മനോഹരമായി തന്നെ അവതരിപ്പിച്ചു.
സാങ്കേതികമായി മലയാള സിനിമയിലെ ഏറ്റവും പൂർണതയുള്ള ചിത്രമാണ് ഒടിയൻ എന്ന് പറയാം. ഷാജി കുമാർ എന്ന പ്രതിഭ ഒരുക്കിയ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ ആത്മാവാണ് എന്ന് തന്നെ പറയാം. ഗാന രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും അദ്ദേഹം തന്ന വിഷ്വൽസിനെ അവിശ്വസനീയം എന്ന വാക്ക് കൊണ്ടേ വിശേഷിപ്പിക്കാൻ സാധിക്കു.
അതുപോലെ തന്നെ അതിമനോഹരമായ ഗാനങ്ങൾ തന്ന എം ജയചന്ദ്രനും ഗംഭീരമായ പശ്ചാത്തല സംഗീതം കൊണ്ട് ചിത്രത്തിന്റെ മാസ്സ് എഫ്ഫക്റ്റ് ഉയർത്തിയ സാം സി എസും പ്രശംസയര്ഹിക്കുന്നു. ജോൺകുട്ടിയുടെ എഡിറ്റിംഗ് മികവ് ആണ് നോൺ- ലീനിയർ ആയി കഥ പറഞ്ഞ ഈ ചിത്രത്തിന്റെ കഥ പറച്ചിലിന് വേഗം നൽകിയത്. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്‌നും മികച്ച വിഎഫ്എക്സ് ജോലി നിർവഹിച്ച വി എഫ് എക്സ് വാലയും ഈ ചിത്രത്തെ മികവിന്റെ പുതിയ ലോകത്തു എത്തിച്ചു.
ചുരുക്കി പറഞ്ഞാൽ ഒടിയൻ എന്ന ചിത്രം മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ശ്രീകുമാർ മേനോൻ- മോഹൻലാൽ ടീം ഒരുക്കിയ ഈ ദൃശ്യ വിസ്മയം മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കും എന്നുറപ്പാണ്.