ബോളിവുഡ് താരങ്ങളെ ബഹുദൂരം പിന്നിലാക്കി മോഹന്‍ലാല്‍, ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒടിയന് നാലാം സ്ഥാനം

16

മലയാളത്തിന്റെ താരരാജാവ്‌ മോഹന്‍ലാലിന്റെ ഒടിയന്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ നാലാം സ്ഥാനത്ത് . ഒരു മലയാള ചിത്രം ഈ ലിസ്റ്റില്‍ ഇടം നേടുന്നത് ആദ്യമാണ്. ബോളിവുഡ് മുന്‍ താരങ്ങളായ രണ്‍വീര്‍ സിംഗിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മുന്നിലെത്തിയത്.

Advertisements

റിയല്‍ ടൈം പോപ്പുലാരിറ്റിയുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത് രജനീകാന്ത്-ശങ്കര്‍ ചിത്രം യന്തിരന്‍ 2.0യാണ്. കന്നഡ ബ്രഹ്മാണ്ഡ ചിത്രം കെ ജി എഫിന് രണ്ടാം സ്ഥാനവും ഷാരൂഖിന്റെ സീറോയ്ക്ക് മൂന്നാം സ്ഥാനവുമാണുള്ളത്.

ഇന്നലെ പുറത്തു വിട്ട ഒടിയനിലെ ആദ്യഗാനത്തിന് വമ്പന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. യൂട്യൂബിലൂടെ റിലീസ് ചെയ്ത പാട്ട് ഒരു മണിക്കൂറിനുള്ളില്‍ ഒരുലക്ഷം വ്യൂസാണ് നേടിയെടുത്തത്. ഒടിയന്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇത് റെക്കോഡാണെന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷലുമാണ്.

അതേസമയം, ഡിസംബര്‍ പതിനാലിന് കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ചിത്രം എത്തും. റിപ്പോര്‍ട്ടനുസരിച്ച് അതേദിവസം തന്നെ ജപ്പാനിലും ചിത്രമെത്തുമെന്നാണ് സൂചന. സ്‌പേസ് ബോക്‌സ് ജപ്പാന്‍ എന്ന വിതരണക്കാരാണ് ചിത്രം ജപ്പാനിലെത്തിക്കുന്നത്.

ഒടിയന്‍ 320 ഫാന്‍സ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ കളിച്ച ദളപതി വിജയ്യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാന്‍ പോകുന്നത്. റിലീസ് ചെയ്യാന്‍ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ ഒടിയന്‍ ഫാന്‍സ് ഷോസിന്റെ എണ്ണം 400 എത്തുമെന്നാണ് സൂചന. കേരളത്തില്‍ മാത്രമല്ല, പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂര്‍ എന്നിവിടങ്ങളിലും ഒടിയന്‍ ഫാന്‍ ഷോസ് ഉണ്ടാകും. ഗള്‍ഫിലും വമ്പന്‍ തയ്യാറെടുപ്പുകളാണ് ഒടിയന്‍ ഫാന്‍ ഷോസിനു വേണ്ടി നടക്കുന്നത്.

ഇതിനോടകം ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ ഒടിയന്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

Advertisement