തീയറ്ററില്‍ എത്തും മുന്‍പ് തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലൗ’.
എന്നാല്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഒടുവില്‍ എത്തിയ ‘ആരും കാണതിന്നെന്‍’ എന്ന ഗാനവും ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗാനം മാത്രമല്ല, ഗാനത്തില്‍ എത്തുന്ന പുതുമുഖം നൂറിനെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്.
വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്റെ സംഗീതം. ഗാനം യൂട്യൂബിലെത്തി മണിക്കൂറുകള്‍ക്കകം കണ്ടത് ഏഴുലക്ഷത്തോളം ആളുകളാണ്. ചിത്രത്തിലെ തന്നെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനു ശേഷം, മണിക്കൂറുകള്‍ക്കകം ഇത്രയധികം ആളുകള്‍ കണ്ടത് ഈ ഗാനമാണ്. ട്രന്റിങ്ങില്‍ നിലവില്‍ ഏഴാമതാണു ഗാനം.
ഏഴുഗാനങ്ങളുണ്ട് ചിത്രത്തില്‍. ഇവയെല്ലാം തന്നെ ഒന്നിനൊന്നു മെച്ചമാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തല്‍. ബി.കെ. ഹരിനാരായണന്‍, പേളിമാണി, സത്യജിത്ത് എന്നിവരാണു വരികള്‍ എഴുതിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍, ഹരിചരണ്‍, നീതു നടുവത്തേറ്റ്, സൂരജ് സന്തോഷ്, ഹിഷാം അബ്ദുള്‍ വഹാബ്, ജീനു നസീര്‍, ശ്രുതി ശിവദാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
നല്ലസിനിമയാണെന്നും ചിലരോടുള്ള പ്രത്യേക വൈരാഗ്യം കാരണം സിനിമ കാണാതിരിക്കരുതെന്നുമാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍. നുറിന്റെ അഭിനയ മികവിനെ പ്രശംസിക്കുന്നവരും കുറവല്ല. നൂറിനുള്ളതു കൊണ്ടാണ് ഈ സിനിമ കാണുന്നത് എന്നു വരെ എത്തി ആരാധകരുടെ കമന്റുകള്‍.