മധുരരാജയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു പക്ഷേ എന്നെ വിളിച്ചില്ല; പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍

20

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും യൂത്ത് ഐക്കണ്‍ പൃഥ്വിരാജും സഹോദരന്മാരായെത്തിയ ചിത്രമായിരുന്നു 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജ. എട്ട് വര്‍ഷത്തിനിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം മധുരരാജ ഒരുങ്ങുമ്പോള്‍ പക്ഷേ ചിത്രത്തില്‍ പൃഥ്വിയില്ല.

Advertisements

ഇപ്പോളിതാ മധുരരാജയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും നിര്‍ഭാഗ്യവശാല്‍ തന്നെ അതിന്റെ ഭാഗമാകാന്‍ ക്ഷണിച്ചില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇന്ത്യാഗ്ലിറ്റ്‌സുമായുള്ള അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

‘ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. മധുര രാജയിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല.’പൃഥ്വി പറഞ്ഞു. ചിത്രത്തില്‍ സര്‍പ്രൈസ് വേഷത്തില്‍ പൃഥ്വി എത്തുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സൂപ്പര്‍ ഹിറ്റായ ‘പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ബോളിവുഡ് നടി സണ്ണി ലിയോണും ഭാഗമാകുന്നുണ്ട്.

Advertisement