ഒരു അഡാര്‍ ലവ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രിയ പ്രകാശ് വാര്യര്‍ക്കും റോഷനും ലഭിച്ച പ്രശസ്തിയില്‍ കുറച്ചൊക്കെ താനും വേദനിച്ചിട്ടുണ്ടെന്നു തുറന്നു പറയുകയാണ് ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലവിലെ നായികമാരിലൊരാളായ നൂറിന്‍ ഷെരീഫ്.
തനിക്കു പിന്നാലെയും ട്രോളുകള്‍ വന്നിരുന്നുവെങ്കിലും പ്രിയയുടെ ട്രോളുകള്‍ക്കു മുന്നില്‍ അവയൊന്നും ആരും ശ്രദ്ധിച്ചില്ലെന്നും നൂറിന്‍ പറയുന്നു. ക്ലബ് എഫ് എം യു എ ഇക്കു നല്‍കിയ അഭിമുഖത്തില്‍ ആര്‍ ജെ സ്‌നേഹയോട് സംസാരിക്കുകയായിരുന്നു നൂറിന്‍.
നൂറിന്റെ വാക്കുകള്‍ ഇങ്ങനെ
ഒന്നു രണ്ട് ട്രോളുകള്‍ എനിക്കുമുണ്ടായിരുന്നു. അത് പക്ഷേ ആരും അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. പ്രിയയുടെയും റോഷന്റെയും പ്രശസ്തിയില്‍ കുറച്ചൊക്കെ വേദനിച്ചിരുന്നു. പ്രൊഫഷണലിയല്ല, പേഴ്‌സണലി. ഭാഗ്യം, തലവര എന്നൊക്കെയുണ്ടല്ലോ.
കോടിയില്‍ ഒരാള്‍ക്ക് കിട്ടുന്ന എക്‌സ്‌പോഷറും ഫെയിമുമാണ് അവര്‍ക്കു രണ്ടു പേര്‍ക്കും കിട്ടിയത്. ഇനി ഒറ്റ ദിവസം കൊണ്ട് താരമാകുക എന്നത് പ്രയാസമാണ്. അതൊന്നും ഞാന്‍ ആഗ്രഹിച്ചിട്ട് കാര്യമില്ലെന്നു മനസിലായി.
പക്ഷേ നമ്മള്‍ പരമാവധി നന്നായി ചെയ്യുക എന്ന ചോയ്‌സ് എന്റെ മുമ്പിലുണ്ടല്ലോ. അതു ചെയ്തു. എന്നെ കൂടുതല്‍ വേദനിപ്പിച്ചത് സിനിമ തന്നെയായിരുന്നു. ഒമറിക്കയുടെ ആദ്യ ചിത്രം ചങ്ക്‌സില്‍ ഞാന്‍ ചെറിയൊരു വേഷം ചെയ്തിരുന്നു.
അതിനിടയിലാണ് അഡാര്‍ ലവിന്റെ കാര്യം ഇക്ക എന്നോട് പറയുന്നത്. രണ്ടു വര്‍ഷം മുമ്പ്. അപ്പോള്‍ അന്നു തൊട്ടേ ഈ സിനിമയെക്കുറിച്ചുള്ള മോഹങ്ങള്‍ ഉള്ളില്‍ മൊട്ടിട്ടു വിടര്‍ന്നു വരായിരുന്നു.. ഷൂട്ട് തുടങ്ങി കുറച്ചായപ്പോഴേക്കും ആ മോഹങ്ങളെ മുഴുവന്‍ കുഴിച്ചു മൂടേണ്ട അവസ്ഥയെത്തി.
എന്നാലും എന്റെ ഭാഗം നന്നായി ചെയ്യുകയെന്നതില്‍ ശ്രദ്ധിച്ചു. സൗഹൃദവും പ്രണയവും പറഞ്ഞ് കുറേ മാറ്റങ്ങളിലൂടെ കടന്നു പോയ കഥയാണ്.. എങ്കിലും കിട്ടിയ കഥാപാത്രത്തില്‍ സംതൃപ്തയാണ്.