ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയില്‍ കൂടി എത്തിയ കുഞ്ചാക്കോ ബോബന്‍ പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു. അന്ന് കുഞ്ചാക്കോ ബോബന്‍ എന്ന യുവാവ് ഉണ്ടാക്കിയ തരംഗം ചില്ലറ അല്ലായിരുന്നു.
ഇടക്കാലത്ത് ഇടവേളയെടുത്ത് രണ്ടാം വരവ് ഗംഭീരമാക്കിയ താരം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് ഫലിപ്പിക്കുന്നുണ്ട്. അതേസമയം ന്നാ താന്‍ കേസ് കൊട്, ഒറ്റ് തുടങ്ങി നിരവധി സിനിമകളിലാണ് തന്റെ ചോക്ലേറ്റ് പരിവേഷം അഴിച്ചുവെച്ച് ചാക്കോച്ചന്‍ നിറഞ്ഞാടുന്നത്.
പ്രണയനായകനായി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിച്ച താരം ഇന്ന് വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് ഞെട്ടിക്കുകയാണ്. സിനിമയില്‍ നിന്ന് കുറച്ചു നാള്‍ മാറി നിന്ന ചാക്കോച്ചന്‍ തിരിച്ചുവരവില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മുഖമാണ് പ്രേക്ഷകര്‍ക്ക് കാണിച്ച് നല്‍കിയത്.
ഒരുകാലത്ത് റൊമാന്റിക് വേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന ചാക്കോച്ചന്‍ ഇന്ന് കൂടുതല്‍ കാമ്പുള്ള അഭിനയ പ്രാധാന്യമേറെയുള്ള വേഷങ്ങളിലാണ് എത്തുന്നത്. എന്താടാ സജി, അറിയിപ്പ് തുടങ്ങി വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
ന്നാ താന്‍ കേസ് കൊട് തിയേറ്ററില്‍ വന്‍ വിജയമായതിന് പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമ കണ്ട മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ.
മമ്മൂട്ടിയെ താന്‍ വിളിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ പ്രശംസയെ കുറിച്ച് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ‘മമ്മൂക്ക സിനിമ കണ്ടെന്ന് അറിഞ്ഞിട്ട് ഞാന്‍ വിളിച്ചിരുന്നു. പടം കണ്ടോ എന്ന് ചോദിച്ചു, ‘ഏത് പടം’, ഞാന്‍ പറഞ്ഞു, ന്നാ താന്‍ കേസ് കൊട്, അപ്പോള്‍ മമ്മൂക്ക, ‘ആ ആ പടവുമായി നിനക്കെന്താ ബന്ധം’, എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, അതില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട്. കൊഴുമേല്‍ രാജീവന്‍ എന്ന കഥാപാത്രം. ‘അത് തന്നാണോ ചെയ്‌തേ, ഇപ്പോള്‍ എവിടെയാണ്,’ ഞാന്‍ ദുബായില്‍ ആണെന്ന് പറഞ്ഞു, ‘അവിടെ എന്താണ് പരിപാടി’, പ്രൊമോഷന്‍ ഒക്കെ ആയിട്ട് എന്ന് പറഞ്ഞു, അപ്പോള്‍ മമ്മൂക്ക,’ഓ പ്രമോഷണം’.
മമ്മൂക്ക ചോദിച്ചു, ‘അല്ല നിങ്ങള്‍ക്ക് സിനിമ ആയിട്ടുള്ള ബന്ധമെന്താണ്’ , ഞാന്‍ സിനിമയുടെ കോ പ്രൊഡ്യൂസര്‍ കൂടിയാണെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ആ അത് പറഞ്ഞോളൂ, അല്ലാതെ സിനിമയില്‍ ഞാന്‍ കുഞ്ചാക്കോ ബോബന്‍ എന്നൊരാളെ കണ്ടിട്ടില്ല.’ ഇത് കേട്ടതോടെ ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയി. സന്തോഷമോ എന്തൊക്കെയോ വന്നു. അങ്ങനെ നമ്മളെ പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ് അദ്ദേഹം.’-എന്നാണ് കുഞ്ചാക്കോ പറയുന്നത്.
കാതോട് കാതോരം എന്ന മമ്മൂട്ടിയുടെ ഹിറ്റ് ചിത്രത്തിലെ ഗാനമായ ‘ദേവദൂതര്‍ പാടി’ ഈ സിിനമയ്ക്കായി പുനരാവിഷ്‌കരിച്ചിരുന്നു. അത് കണ്ടിട്ട് അന്നത്തെ ചിത്രത്തില്‍ നായികാ ആയിരുന്ന സരിത തന്റെ നമ്പര്‍ തേടിയെടുത്ത് വിളിച്ചതിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.
‘ചാക്കോച്ചന്‍ നന്നായി ചെയ്തു എന്നൊക്കെ പറഞ്ഞു, അത് വളരെ സന്തോഷം നല്‍കിയ കാര്യമാണ്,’- എന്നാണ് ചാക്കോച്ചന്‍ പ്രതികരിച്ചത്.