‘പ്രകാശന്റെ നാച്വറല്‍ ആക്ടിംഗ്’ കിടുക്കുന്നു, 48 മണിക്കൂര്‍ കൊണ്ട് ലഭിച്ച കാഴ്ച്ചക്കാരുടെ എണ്ണം കേട്ടാല്‍ ഞെട്ടും

16

ഫഹദ് ഫാസില്‍ നായകനായെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്റെ ടീസറിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത. ടീസര്‍ പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ 13 ലക്ഷത്തിലധികം പേരാണ് പ്രകാശന്റെ നാച്വറല്‍ ആക്ടിംഗ് വിസ്മയം കണ്ടിരിക്കുന്നത്.

Advertisements

വളരെ രസകരമായാണ് ഒരു മിനിറ്റും മൂന്നു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍ ഒരുക്കിയിരിക്കുന്നത്. കല്ല്യാണസദ്യയില്‍ പങ്കെടുക്കുന്ന ഒരു ടിപ്പിക്കല്‍ മലയാളിയുടെ പൊതുസ്വഭാവത്തെ വളരെ ഹാസ്യാത്മകമായി തന്നെ ടീസറില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ആ കഥാപാത്രം ഒരു മലയാളിയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പച്ചയായി അവതരിപ്പിച്ചിരിക്കുകയാണെന്നാണ് ടീസര്‍ കണ്ടവര്‍ ഒന്നടങ്കം പറയുന്നത്.

തനി നാട്ടുംപുറത്തുക്കാരനായ ഫഹദിനെയാകും ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുക. ഒരു സാധാരണക്കാരന്‍ ചെയ്യുന്ന പരദൂഷണവും ചേഷ്ടകളുമായിട്ടാണ് ടീസറില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നത്. മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലിനും ശേഷം ഫഹദിന്റെ നാച്ചുറല്‍ ആക്ടിംഗ് ഞാന്‍ പ്രകാശനിലൂടെ കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ടീസറില്‍ ഏറ്റവുമധികം ശ്രദ്ധേയമായ ഒരു സീന്‍ കണ്ട മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വന്നത് മോഹന്‍ലാലിനെയായിരിക്കും. ഇതുപോലെയുള്ള സീനുകള്‍ ഇത്രയും മനോഹരമാക്കാന്‍ ഫഹദിനും ലാലേട്ടനുമെ കഴിയുകയുള്ളുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്നു പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.

Advertisement