ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘മൂത്തോന്‍’ എന്ന ചിത്രത്തിലൂടെ ആണ് നിവില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരേ സമയം ഹിന്ദിയിലും മലയാളത്തിലുമായാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ നേരം, റിച്ചി എന്നീ തമിഴ് ചിത്രങ്ങളില്‍ നിവിന്‍ അഭിനയിച്ചിരുന്നു.
നമുക്കെല്ലാവര്‍ക്കും ഒരു ജീവിതമാണ് ഉള്ളതെന്നും അത് ഒരു സ്ഥലത്ത് ഒതുങ്ങിക്കൂടാതെ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കണമെന്നും നിവിന്‍ പോളി പറയുന്നു. ഭാഷ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മലയാളി എന്ന നിലയില്‍ തമിഴ്, തെലുങ്ക് , ഹിന്ദി ചിത്രങ്ങള്‍ ചെയ്യുക എളുപ്പമല്ല. പക്ഷേ എല്ലാ അഭിനേതാക്കളും അതിരുകള്‍ വിടാന്‍ തയ്യാറാകണമെന്നും ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ നിവിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. തന്റെ കരിയറില്‍ ഏറെ വെല്ലുവിളി ഉയര്‍ത്തിയ സിനിമയാണ് കൊച്ചുണ്ണിയെന്നും ഒരുപാട് സമയവും അധ്വാനവുമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും നിവിന്‍ പോളി പറഞ്ഞു.
ചിത്രത്തിന് വേണ്ടി ഭാരം വര്‍ദ്ധിപ്പിക്കേണ്ടി വന്നു. അറിയാത്ത പല കാര്യങ്ങളും പഠിച്ചു. ഇത്ര വലിയ ചിത്രമായത് കൊണ്ട് തന്നെ എന്റെ 101 ശതമാനം ഞാന്‍ നല്‍കി.
മറ്റ് ഭാഷകളില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആളുകള്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കാറുണ്ട്. കേരളത്തിലെ ആളുകള്‍ക്ക് അത്തരം സിനിമകള്‍ കാണാന്‍ ഇഷ്ടമാണ്. കായംകുളം കൊച്ചുണ്ണി അത്തരമൊരു പരീക്ഷണമാണ്. 45 കോടി മുതല്‍മുടക്കിലൊരുക്കിയ ചിത്രം മലയാളത്തെ സംബന്ധിച്ച് വലുതാണ്. ചിത്രം പുറത്തിറങ്ങുമ്ബോള്‍ നല്ല അഭിപ്രായം നേടുമെന്ന് കരുതുന്നുതായും നിവിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. മമ്മൂട്ടിയും മോഹന്‍ലാലും നമുക്ക് എത്രത്തോളം വലുതാണ്. സിനിമയുടെ പശ്ചാത്തലമില്ലാതെ സിനിമയില്‍ എത്തിയവരുടെ സ്വപ്നമാണ് അവര്‍ക്കൊപ്പം അഭിനയിക്കുകയെന്നതെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം 12 ദിവസം ഒപ്പമുണ്ടായിരുന്നു. ഓരോ ദിവസവും അദ്ദേഹത്തില്‍ നിന്ന് പുതിയ എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞു. ലാലേട്ടനൊപ്പമുള്ള 12 ദിവസങ്ങള്‍ എന്റെ അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളാണ്.
ഗോകുലന്‍ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം മംഗലുരു, ഉടുപ്പി, ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം നിവിന്റെ ജന്മദിനമായ ഒക്ടോബര്‍ 11 ന് തിയേറ്ററുകളിലെത്തും