തൃശ്ശൂരിലെ ഒരു പാവപ്പെട്ട വീട്ടിൽ നിന്നുമെത്തി ഇന്ത്യൻ ഫുട്ബാളിന്റെ ഏറ്റവും വിലപിടിച്ച താരമായി മാറിയ ഐഎം വിജയന്റെ ജീവിതം സിനിമയാകുന്നു.
അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബയോപിക്കിൽ നിവിൻ പോളി നായകനാകുമെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.
ചിത്രീകരണം അടുത്ത വർഷമാണ് ആരംഭിക്കുന്നത്. വ്യാഴാഴ്ച ഐ. എം.വിജയന്റെ അൻപതാം ജന്മദിനമായിരുന്നു.
സംവിധായകൻ അരുൺ ഗോപി ഇത് സംബന്ധിച്ച് വിജയനുമായി ചർച്ച നടത്തിയതായാണ് ലഭിക്കുന്ന വിവരം.അരുൺഗോപിയും സ്പോർട്സ് ലേഖകനായ പദ്മകുമാറും ചേർന്നാണ് തിരക്കഥ എഴുതുന്നത്.
കൂടുതൽ കാര്യങ്ങൾ അറിയാറായിട്ടില്ല. ഇത് സംബന്ധിച്ച് അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെയാണ്:
ചില സ്വപ്നങ്ങൾക്ക് കാത്തിരിപ്പുകൾ ആവശ്യമായി വരും അതുകൊണ്ടു തന്നെ സഫലമാകുമ്പോൾ മറ്റെന്തിനേക്കാളും മനോഹരമായി തന്നെ അത് സംഭവിക്കുകയും ചെയ്യും.
സ്വപ്നത്തിനു കൈത്താങ്ങുമായി കൂടെയുള്ള വിജയേട്ടാ ഒരായിരം ജന്മദിനാശംസകൾ.
മുമ്പ് ഫുട്ബാൾ താരം വിപി സത്യന്റെ ജീവിതം പറഞ്ഞ ക്യാപ്ടൻ ബോക്സോഫീസിൽ മികച്ച വിജയം നേടിയിരുന്നു.
മാത്രമല്ല ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരവും നടൻ ജയസൂര്യ സ്വന്തമാക്കിയിരുന്നു.
രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നിവയാണ് അരുൺ ഗോപി ഇതിന് മുൻപ് ഒരുക്കിയ സിനിമകൾ. ഇതിൽ രാമലീല ബംപർഹിറ്റും ഇരുപത്തിയൊന്നാം നൂറ്റാണ്ട് സൂപ്പർഹിറ്റുമായിരുന്നു.