സോഷ്യൽമീഡിയയിൽ ടിക് ടോക് വിപ്ലവം കത്തിപ്പടരുകയാണ്. പലതരത്തിലുള്ള ടിക് ടോക് വീഡിയോകൾ പുറത്തുവന്നുകഴിഞ്ഞെങ്കിലും ഇപ്പോൾ ട്രെൻഡിംഗ് ജാസി ഗിഫ്റ്റിന്റെ “നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ..’ എന്ന ഗാനമാണ്.
ഗാനത്തിനൊപ്പം വെറുതെ ചുവടുവച്ചാൽ പോരാ, പച്ചിലകൾ കൈയിൽ പിടിച്ച് ഓടുന്ന വണ്ടികളുടെ മുന്നിലേക്ക് എടുത്തുചാടണം, എന്നിട്ട് നടുറോഡിൽ തുള്ളിക്കളിക്കണം. ആൺപെൺ ഭേദമില്ലാതെ യൂത്തന്മാരുടെ പരിധിവിട്ടുള്ള ടിക് ടോക് പരിപാടി കണ്ട് അന്തം വിടുകയാണ് സോഷ്യൽമീഡിയ.
ഓടിയെത്തുന്ന ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്കു മുമ്പിൽ ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും ചാടിവീഴുന്ന യുവാക്കൾ വാഹനത്തിനു മുമ്പിൽ കിടന്ന് ചാടി മറിയുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ബൈക്ക്, ഓട്ടോ, ബസ് എന്തിനേറെ പറയണം പോലീസ് വാഹനം പോലും വെറുതെ വിടുന്നില്ലെന്നുള്ളതാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നത്.
പൊതുസമൂഹത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാകുന്ന ഇത്തരം പരിപാടികൾക്കെതിരെ വിമർശനം ഏറെയാണ്, മാത്രമല്ല വാഹനങ്ങൾക്കു മുമ്പിൽ ചാടി വീഴുമ്പോഴുണ്ടാകുന്ന അപകട സാധ്യതയും വളരെ കൂടുതലാണ്.