ചെന്നൈ: ജീവനൊടുക്കാൻ ശ്രമിച്ച യുവനടിയെ കാണാനില്ല. ചെന്നൈ റോയാപേട്ട് സർക്കാർ ആശുപത്രിയിൽ കഴിഞ്ഞിരുന്ന തമിഴ് സീരിയൽ – സിനിമ നടി നിലാനിയെ ആണ് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ കാണാതായത്.
ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാൽ നടിയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
മുൻ കാമുകൻ ലളിത് കുമാറിനെതിരെ നടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ തീ കൊളുത്തി ജീവനൊടുക്കിയിരുന്നു. ഇതോടെയാണ് താരം വാർത്തകളിൽ നിറയുന്നത്. മൂന്ന് വർഷത്തോളം ഇരുവരും അടുപ്പത്തിലായിരുന്നു.
കുമാറിന്റെ ആത്മഹത്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിലാനി നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ഭാഗം വിശദീകരിക്കാൻ മാദ്ധ്യമപ്രവർത്തകരെ കാണുമെന്ന് പറഞ്ഞിരുന്ന നടി ഇതിന് തൊട്ടുമുന്‍പാണ് കീടനാശിനി ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ആത്മഹത്യാശ്രമത്തിനും പോലീസ് കേസെടുത്തു.
എന്നാൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ നടിയെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ട് മക്കളോടൊപ്പമാണ് നടി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായത്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനു ശേഷം നടിയെ തിരക്കി പോലീസ് വീട്ടിൽ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.