നടൻ മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രമാണ് നേര്. ചിത്രം 21ന് റിലീസ് ചെയ്യും. അതേസമയം ജീത്തു ജോസഫ് ചിത്രം നേരിൻറെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി എഴുത്തുകാരൻ ദീപക് ഉണ്ണി.
അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇരുവരും ചേർന്ന് തൻറെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
മൂന്ന് വർഷം മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്ന് തന്റെ കഥ നിർബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്നും കഥാകാരൻ ഹർജിയിൽ ആരോപിക്കുന്നു. ഹർജി നാളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും.
അതേസമയം ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിൻറെ നിർമ്മാണം. എലോണിന് ശേഷം ആശിർവാദ് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിൻറെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, ഡിസൈൻ സേതു ശിവാനന്ദൻ.