മൂന്ന് പതിറ്റാണ്ടിനു ശേഷം മമ്മൂട്ടിയുടെ ആ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ചാരക്കേസ് ഒരുങ്ങുന്നു. ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും തയാറാക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.
”ന്യൂഡൽഹി- രണ്ട് ” എന്ന പേരിൽ പ്രമുഖ സിനിമ നിർമാതാവ് ലിബർട്ടി ബഷീറാണ് സിനിമ നിർമിക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്.
ചാരക്കഥ സിനിമയാക്കുന്നതിന് മറിയം റഷീദ, ഫൗസിയ ഹസൻ എന്നിവരിൽ നിന്നും സമ്മതം തേടും അദ്ദേഹം പറഞ്ഞു. ഇതിനായി ഇരുവരേയും അടുത്ത നാളുകളിൽ നേരിൽ കാണാൻ ശ്രമിക്കും. ചാരക്കേസിലെ യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടു വരാനാണ് ശ്രമിക്കുക.
അതുകൊണ്ടു തന്നെ ഇവരുടെ അനുമതി ആവശ്യമാണ്. ചിത്രീകരണം പൂർത്തിയായ ശേഷം വരാൻ സാധ്യതയുള്ള നിയമ കുരുക്കുകൾ ഒഴിവാക്കാനാണ് അനുമതി തേടുന്നത്.സംഭവം നടന്ന കാലഘട്ടത്തിലെ എസ്ഐ മുതൽ ഉയർന്ന പൊലീസ് ഉദ്യാഗസ്ഥർ വരെ ഈ സിനിമയിൽ കഥാപാത്രങ്ങളാണ്. ചില ഉപേദേശകരും മുഖ്യ കഥാപാത്രങ്ങളായി എത്തും.
ചാരസുന്ദരികളുടെ കാര്യത്തിൽ അന്നത്തെ ചില പോലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോരാണ് ചാരക്കേസായി മാറിയത്.
കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം പൊലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് മുതലെടുത്തപ്പോഴാണ് സുന്ദരിമാരുടെ കഥകൾ ചാരക്കേസായി മാറിയത്.ചാരക്കേസിന് യാഥാർത്ഥ്യമെന്താണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
പുതിയ വിവാദവുമായി ബന്ധപ്പെട്ട് ചില ചാനൽ അവതാരകർ നമ്പി നാരായണനോട് കേരള സമൂഹത്തിനു വേണ്ടി മാപ്പ് ചോദിക്കുന്നത് കണ്ടിരുന്നു.
ഈ അവതാരകരെ ആരാണ് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി മാപ്പ് ചോദിക്കാൻ ചുമതലപ്പെടുത്തിയത്. ഈ ചാനൽ അവതാരകർക്ക് ചാരക്കേസിന്റെ യാഥാർത്ഥ്യം അറിയുമോയെന്നും ലിബർട്ടി ബഷീർ ചോദിച്ചു. ആ കാലഘട്ടത്തിലെ മാധ്യമ പ്രവർത്തകർക്ക് ചാരക്കഥയുടെ യാഥാർത്ഥ്യമറിയാം.
ഇവരിൽ നിന്നും കണ്ടെടുത്ത ഡയറിയും അതിലെ പേരുകളും ഈ അവതാരകർ പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ചാരക്കേസ് സിനിമയാകുമ്പോൾ ചിലപ്പോൾ ആ സിനിമക്ക് “എ” സർട്ടിഫിക്കറ്റാണ് ലഭിക്കാൻ സാധ്യതയെന്നും ലിബർട്ടി ബഷീർ തുടർന്ന് പറഞ്ഞു.
നമ്പി നാരായണൻ വിഷയത്തിൽ മുൻ ഡിജിപി സെൻകുമാർ നടത്തിയ പരാമർശങ്ങൾ തീർത്തും ശരിയാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു