ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ തീയ്യേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. മോഹൻലാൽ ആണ് സിനിമയിലെ നായകൻ. വിജയമോഹൻ എന്നാണ് നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. മോഹൻലാൽ വക്കീൽ വേഷത്തിലെത്തിയ ഒരു സിനിമ കൂടിയാണ് ഇത്.
അതേസമയം ചിത്രത്തിന്റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് ദീപു കെ ഉണ്ണി കോടതിയെ സമീപിച്ചിരുന്നു. അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് തൻറെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
എന്നാൽ ചിത്രത്തിന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരിക്കുകയാണ് .
സിനിമയിൽ കഥയുടെ ക്രെഡിറ്റ് നൽകിയിട്ടില്ല, പ്രതിഫലം നൽകിയില്ല എന്നീ പരാതികളാണ് ഹർജിക്കാരനായ എഴുത്തുകാരൻ ദീപു കെ ഉണ്ണി ഉന്നയിച്ചത്. ഈ പേരിൽ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഹർജിക്കാരന്റെ ആരോപണങ്ങൾ കോടതി നാളെ വീണ്ടും പരിഗണിക്കും.
ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിൻറെ നിർമ്മാണം. എലോണിന് ശേഷം ആശിർവാദ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിൻറെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, ഡിസൈൻ സേതു ശിവാനന്ദൻ.